ഇമറാത്തി പാചക മത്സരത്തിൽ മലപ്പുറം സ്വദേശി ബീഗം ഷാഹിന ഒന്നാമത്.

16

ദുബായ്: അബുദാബിയിലെ സാംസ്കാരികോത്സവമായ അൽ ഹൊസൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഇമറാത്തി പാചക മത്സരത്തിൽ മലപ്പുറം സ്വദേശി ബീഗം ഷാഹിന ഒന്നാമത്. യുഎഇ, അർജൻറീന, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്തള്ളിയായിരുന്നു ഷാഹിനയുടെ വിജയം. നെയ് മീൻ കൊണ്ടുള്ള ഇമറാത്തി വിഭവമാണ് ഫൈനലിൽ തയ്യാറാക്കിയത്. കപ്പയും മീനും മനസ്സിൽ കണ്ടു കൊണ്ടാണ് താൻ ഈ വിഭവം തയ്യാറാക്കിയതെന്ന് ഷാഹിന പറയുന്നു. നെയ്മീൻ റോസ്റ്റ് ഉണ്ടാക്കി അതിലേക്ക് ഉരുളക്കിഴങ്ങ് ഉടച്ചു ചേർത്താണ് അറബിക് രീതിയിൽ ഉള്ള വിഭവം തയ്യാറാക്കിയത്. ഇത് യുഎഇയിൽ ജനിച്ചുവളർന്ന പാചകവിദഗ്ധരെ പോലും പിന്നിലാക്കി. ഇമറാത്തി ഇൻറർനാഷണൽ ഷെഫ് മുസാബി അൽ കാബിയായിരുന്നു മുഖ്യ വിധികർത്താവ്. സമ്മാനത്തുകയായി 10,000 ദിർഹം ലഭിച്ചു. കൂടാതെ അടുത്തവർഷത്തെ മത്സരത്തിലെ വിധി നിർണയ സമിതിയിൽ ഷാഹിനയും ഉണ്ടാകും. വിവിധ പാചക മത്സരങ്ങളിൽ ഷാഹിന വിജയി ആയിട്ടുണ്ട്. ഷാഹിന സ്വന്തമായി ഒരു യൂട്യൂബ് ചാനലും നടത്തുന്നു.