പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കാനെത്തിയ കേന്ദ്രമന്ത്രി അമിത് ഷാക്ക് ഡല്‍ഹിയില്‍ ഗോബാക്ക് വിളി. ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് വീടുകള്‍ കയറിയുള്ള പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു ജനരോഷം.
ലജ്പത് നഗറിലെ ചണ്ഡിബസാറിന് സമീപം അമിത്ഷാ മൂന്ന് വീടുകള്‍ കയറി പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആദ്യ വീട്ടിലെ സന്ദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോഴാണ് ജനം പ്രതിഷേധിച്ചത്. ഗോബാക്ക് വിളിച്ചും കൂവി വിളിച്ചും ബാനറുകള്‍ പ്രദര്‍ശിപ്പിച്ചുമാണ് കോളനിയിലെ പെൺകുട്ടികൾ അമിത് ഷായെ പ്രതിഷേധമറിയിച്ചത്. ഇവർക്കെതിരെ അമിത് ഷായുടെ കൂടെയുള്ളവരും മുദ്രാവാക്യം വിളിച്ചു. ബി ജെ പി പ്രവർത്തകർ രൂക്ഷമായി പ്രതികരിച്ചതിനെ തുടർന്ന് വീടുകൾക്ക് പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
അമിത് ഷായുടെ സന്ദര്‍ശനം സുരക്ഷിതമാക്കാന്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണ് ബി ജെ പി തിരഞ്ഞെടുത്തിരുന്നത്. നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഇതുവരെ നടന്നിട്ടില്ലാത്ത പ്രദേശത്ത് നിന്ന് അവിചാരിതമായാണ് അമിത് ഷാക്ക് ഗോബാക്ക് വിളി കേള്‍ക്കേണ്ടി വന്നത്. തുടര്‍ന്ന് പോലീസ് അമിത് ഷായെ സ്ഥലത്ത് നിന്ന് പെട്ടെന്ന് മാറ്റുകയായിരുന്നു.
കേന്ദ്ര നേതാക്കള്‍ നേരിട്ട് നടത്തുന്ന ഗൃഹ സന്ദർശന പരിപാടി തുടക്കം തന്നെ പാളിയത് ബി ജെ പിക്ക് വലിയ മാനക്കേടാണ് ഉണ്ടാക്കിയത്. കേരളത്തിലും ഭവന സന്ദര്‍ശനത്തിന്റെ തുടക്കം തന്നെ പാളിയിരുന്നു.
സാഹിത്യകാരന് ജോര്‍ജ് ഓണക്കൂറിന്റെ തിരുവനന്തപുരത്തെ വസതിയിയിലെത്തിയ
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനോട് അദ്ദേഹം പൗരത്വ നിയമത്തോടുള്ള വിയോജിപ്പ് അറിയിക്കുകയായിരുന്നു