സ്‌പോൺസറെ മുറിയിലാക്കി തീയിട്ട് കൊന്നു : ഇന്ത്യക്കാരൻ അറസ്റ്റിൽ

ഹായിൽ: സൗദിയിലെ ഹായിൽ പ്രവിശ്യയിൽ അൽസുനൈത ഗ്രാമത്തിൽ ഇന്ത്യൻ വേലക്കാരി സ്പോൺസറെ തീയിട്ട് കൊലപ്പെടുത്തി. കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത് ഒരു മാസത്തിനു ശേഷം. അന്വേഷണങ്ങൾക്കൊടുവിൽ സുരക്ഷാ വകുപ്പുകൾ സ്ത്രീയെ അറസ്റ്റ് ചെയ്തു.

ഡിസംബർ 27 നാണ് സംഭവം. 90 കാരനായ സൗദി പൗരനെ പരിചരിക്കുന്നതിനാണ് സ്ത്രീയെ നിയമിച്ചത്. അദ്ദേഹത്തിൻറെ മുറിയിൽ വലിയ തുക സൂക്ഷിച്ചത് വേലക്കാരി മനസ്സിലാക്കിയിരുന്നു. തുടർന്ന് പണം കവർന്ന ശേഷം മുറിയുടെ കാർപെറ്റിൽ തീയിട്ട ശേഷം പുറത്തുനിന്ന് പൂട്ടി. സിവിൽ ഡിഫൻസ് അധികൃതരെത്തി തീ അണച്ചപ്പോഴേക്കും വൃദ്ധൻ മരണപ്പെട്ടിരുന്നു. അന്ന് സുരക്ഷാ വകുപ്പുകൾക്ക് അഗ്നിബാധയുടെ കാരണം മനസ്സിലായിരുന്നില്ല.

പിന്നീട് മജ്മയിൽ പ്രവർത്തിക്കുന്ന കാർഗോ ഏജൻസിയിൽ നിന്ന് രണ്ട് ഇന്ത്യക്കാർ സൗദി പൗരന്റെ വീട് അന്വേഷിച്ചെത്തി. വേലക്കാരിയുടെ ബാഗുകൾ സ്വീകരിച്ച് ഇന്ത്യയിലേക്ക് അയക്കാൻ വന്നതാണെന്നാണ് അവർ അറിയിച്ചത്. ഇതിനായി ബാഗുകൾ തയ്യാറാക്കുന്നത് കണ്ട കുടുംബാംഗങ്ങൾക്ക് സംശയം തോന്നുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ 1,20,000 രൂപയും, കുടുംബാംഗങ്ങളുടെ വസ്ത്രങ്ങളും മറ്റും കണ്ടെത്തി. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ നിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറും.