ജിദ്ദ: സൗദിയിലെ അൽഖുറയാത്തിൽ അന്താരാഷ്ട്ര പക്ഷിമേള ജനുവരി 31ന് തുടങ്ങും. പക്ഷിമേള രാജ്യത്തിന് സാമ്പത്തികനേട്ടമുണ്ടാക്കുമെന്നും മേഖലയിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നും മേളയുടെ സിഇഒ സൈൻ ശരാറി പറഞ്ഞു. എഴു ദിവസം നീളുന്ന മേളയിൽ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ വൻകരകളിലെ 12 രാജ്യങ്ങൾ പങ്കെടുക്കും. വിവിധ സാമൂഹിക, സാംസ്കാരിക, വിനോദ പരിപാടികളും, കുട്ടികൾക്കായി പ്രത്യേക മത്സരങ്ങളും മേളയിലുണ്ടാകും. സന്ദർശകർക്കും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും സമ്മാനങ്ങൾ നൽകുമെന്ന് സി ഇ ഒ അറിയിച്ചു.