പിണറായി വിജയനും യുഎഇ മന്ത്രിയും കൂടിക്കാഴ്ച നടത്തി

9

കോഴിക്കോട്: യുഎഇയിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സായൂദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ കോഴിക്കോട് കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ യു എ ഇ – കേരള സഹകരണത്തെ കുറിച്ച് സംസാരിച്ചു.

യുഎഇയുടെ വളർച്ചയിൽ കേരളീയരുടെ സംഭാവനകളെ ഡോ. താനി അൽ സിയൂദി അഭിനന്ദിക്കുകയും, തുടർച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും കേരള മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും യുഎഇ നടപ്പാക്കുന്ന വിവിധ പരിപാടികളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട് ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ച ഡോ. താനി, സംസ്ഥാനത്ത് പച്ചപ്പ് നിലനിർത്താൻ കേരള സർക്കാർ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു.

കേരളത്തിൽ നിന്നുള്ള പ്രവാസി സമൂഹത്തിന് ആതിഥേയത്വം വഹിക്കുന്ന യുഎഇയുടെ നേതൃത്വത്തിന് പിണറായി വിജയൻ നന്ദി പറഞ്ഞു. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ഒരു പുതിയ വകുപ്പ് സൃഷ്ടിക്കുന്നതിനെക്കുറിച്ച് പറയുകയും യുഎഇ മന്ത്രാലയവുമായി സഹകരിക്കാനുള്ള താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.

യോഗത്തിൽ കേരള ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ, യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന, അഹമ്മദ് സുൽത്താൻ അൽ ഫലാഹി, പ്രമുഖ വ്യവസായി യൂസഫലി എം.എ തുടങ്ങിയവർ പങ്കെടുത്തു.