കോഴിക്കോട് എച്ച് 1 എന്‍ 1 റിപ്പോര്‍ട്ട്  ചെയ്യപ്പെട്ട സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍  തുടങ്ങി

8

മുക്കം: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നിൽ എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു (0495 229 7260). പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി ബോധവത്കരണം ചെയ്തു. വരും ദിവസങ്ങളിലും ആനയാംകുന്ന് ഹൈസ്‌കൂളിലും കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രത്യേക പനി ക്ലിനിക്കുകള്‍ ഉണ്ടായിരിക്കും. കിടത്തി ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ അതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പനി ബാധിച്ചവരെയും സമ്പര്‍ക്കം പുലര്‍ത്തിയവരെയും മുക്കത്ത് പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ നിന്നും ഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും അതുവഴി അവരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ആര്‍ക്കെങ്കിലും പനി ബാധിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത വിവരം കോള്‍ സെന്ററിലേക്ക് അറിയിക്കണം. നിലവില്‍ കണ്ടെത്തിയ രോഗികളില്‍ തൊണ്ണൂറ് ശതമാനം പേരും അപകട സാധ്യത വളരെ കുറവായ വിഭാഗത്തില്‍പെട്ടവര്‍ ആയതിനാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നും സഹായ പരിചരണവും സ്വീകരിക്കണം. രോഗം ഭേദമാകുന്നത് വരെ വീടുകളില്‍ തുടരുന്നതാണ് അഭികാമ്യം. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.