ഇറാഖിലേക്ക് യാത്ര വിലക്കി കുവൈത്ത്

കുവൈറ്റ് സിറ്റി : അബ്ദലി അതിർത്തിയിലൂടെ റോഡ് മാർഗം ഇറാഖിലേക്ക് യാത്ര ചെയ്യുന്നത് വിലക്കി കൊണ്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഇറാഖിലെ സംഘർഷ സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിൻെറ അഭ്യർഥനയനുസരിച്ചാണ് നടപടി.പൗരന്മാരുടെയും ബിദൂനികളുടെയും സുരക്ഷ ഉദ്ദേശിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും സംഘർഷാവസ്ഥ മാറി ഇറാഖ് സാധാരണ നിലയിലായാൽ വിലക്ക് നീക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, സാധന സാമഗ്രികളുമായി ട്രക്കുകൾ അബ്ദലി അതിർത്തി പിന്നിടുന്നതിന് തടസ്സമില്ല.
ഇറാഖിൽ നിന്ന് വരുന്ന ട്രക്കുകൾ കർശനമായി പരിശോധിച്ചാണ് കുവൈത്തിലേക്ക് കടത്തിവിടുന്നത്. . വിമാന മാർഗം പോവുന്നതിനും വരുന്നതിനും തടസ്സമില്ലെങ്കിലും കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സുരക്ഷാ പ്രശ്നം മുൻനിർത്തി കുവൈത്ത് എയർവേയ്സ് ഇറാഖിലേക്കുള്ള വിമാന സർവീസ് കഴിഞ്ഞ ആഴ്ച താൽക്കാലികമായി നിർത്തിയിരുന്നു. ഇറാഖിലെ പ്രക്ഷോഭങ്ങളും ഇറാൻ -അമേരിക്ക സംഘർഷ സാഹചര്യവും പരിഗണിച്ചാണ് തീരുമാനം. സ്ഥിതി വിലയിരുത്തിയ ശേഷം സര്വ്വീസ് പിന്നീട് പുനരാരംഭിക്കുമെന്നു കുവൈത്ത് എയർവേയ്സ് അറിയിച്ചിട്ടുണ്ട്.