കൊല്ലം സ്വദേശി കാറോടിക്കുന്നതിനിടയിൽ മരിച്ചു

7

റിയാദ്: സൗദി അറേബ്യയിൽ കാറോടിക്കുന്നതിനിടയിൽ അസുഖ ബാധിതനായി മലയാളി മരിച്ചു. കൊല്ലം ഓച്ചിറ സ്വദേശി മെയ്തീൻകുഞ്ഞിന്റെ മകൻ കളിയിക്കവടക്കതിൽ മുബാഷ് (48) ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് അൽഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം മരിച്ചത്.

ബുറൈദയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്ന മുബാഷ്, ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി സുൽഫി എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അവശനായതും മരണം സംഭവിച്ചതും. 25 വർഷമായി ബുറൈദയിൽ താമസിക്കുന്ന മുബാഷ് മൂന്ന് മാസം മുമ്പ് ചെറിയ ശ്വാസതടസ്സം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂടുതൽ വിദഗ്ധ പരിശോധനക്ക് വിധേയനാവണമെന്ന് അന്ന് പരിശോധിച്ച ഡോക്ടർ നിർദ്ദേശിച്ചിരുന്നു.

ഭാര്യ: റസിയ. മക്കൾ: നൂറ, ശൈഖ് അഹമ്മദ്, ഷാഹിദ് ഇബ്രാഹിം. രണ്ടര വർഷം മുമ്പാണ് അവസാനം നാട്ടിൽ പോയി വന്നത്. മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിന്റെ നേതൃത്വത്തിൽ അനന്തര നടപടികൾ പുരോഗമിക്കുന്നു.