ഫെബ്രുവരി 23 മുതൽ ദുബായ് മെഗാ സൈക്ലിംഗ് മത്സരം

ദുബായ്: യുഎഇയുടെ 7 എമിറേറ്റുകളെയും ബന്ധിപ്പിച്ച് നടക്കുന്ന മെഗാ സൈക്ലിങ് മത്സരത്തിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 23 മുതൽ 29 വരെ നടക്കും.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പരിപാടി ഏഴ് എമിറേറ്റുകളിലുമെത്തും. ആദ്യഘട്ടത്തിൽ ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവരാണ് ആതിഥേയത്വം വഹിക്കുന്നത്. ദുബായ് സബീൽ പാർക്കിൽ മർജൻ ഐലൻഡ് സ്റ്റേജിൽ ആണ് സൈക്ലിംഗ് മത്സരത്തിന് തുടക്കം കുറിക്കുക. ഏറ്റവും ദൈർഘ്യമേറിയ രണ്ടാം ഘട്ടം ഫെബ്രുവരി 24ന് നടക്കും. ദുബായിലെ ദി പോയിൻറ്, പാം ജുമൈറ എന്നിവിടങ്ങളിൽ നിന്ന് തുടങ്ങി ഹത്താ അണക്കെട്ടിന്റെ ഉയർച്ചതാഴ്ചകളിലൂടെയാണ് ഈ ഘട്ടം. ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവയിലൂടെ മൂന്നാം ഘട്ടം കടന്നു പോകും.

മത്സരത്തിന്റെ പാതയും നാല് ലീഡർ മാർക്കുള്ള ജേഴ്സിയും ദുബായിൽ നടന്ന ചടങ്ങിൽ ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹാരിബ്, ഷാർജ സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി ഈസാ ഹിലാൽ അൽ ഹെസാമി, അബുദാബി സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി അരേഫ് അൽ അവാനി എന്നിവർ ചേർന്ന് അനാവരണം ചെയ്തു.