ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അബുദാബിയിൽ പുതിയ ശമ്പള സ്കെയില്‍…

അബുദാബി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ ശമ്പള സ്കെയില്‍ പ്രഖ്യാപിച്ചു. പുതിയ തീരുമാനത്താടെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊത്ത ശമ്പളത്തിന്റെ 80 ശതമാനത്തോളം കണക്കാക്കിയാണ് ഇനി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിജപ്പെടുത്തുക. ഇത് പൗരന്മാരുടെ ജീവതനിലവാരവും സാമ്പത്തിക സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കുമെന്നാണ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. നേരത്തെ അടിസ്ഥാന ശമ്പളം കണക്കിലെടുത്തായിരുന്നു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിജപ്പെടുത്തിയിരുന്നത്. ഇതിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും പുതിയ പരിഷ്കരണം ലക്ഷ്യമിടുന്നു.

ജീവനക്കാര്‍ക്ക് സര്‍വീസ് കാലയളവിലും അതിന് ശേഷവും ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പുവരുത്തുകയെന്ന ഭരണ നേതൃത്വത്തിന്റെ ലക്ഷ്യം പൂര്‍ത്തികരിക്കുക കൂടിയാണ് പുതിയ തീരുമാനത്തിലൂടെയെന്നും അധികൃതര്‍ അവകാശപ്പെടുന്നു. മൊത്ത ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകില്ലെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സ്കെയിലുകളിലും ഗ്രേഡിങ് സംവിധാനത്തിലും അലവന്‍സുകളിലുമാണ് മാറ്റം വരുന്നത്. ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം ഉറപ്പുവരുത്താനും പുതിയ സംവിധാനം ലക്ഷ്യമിടുന്നതായി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു