അധ്യാപകനെ പുറത്താക്കിയതിന് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ പൂട്ടിയിട്ടു

ചേളന്നൂർ: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തിയതിന് താത്‌കാലിക അധ്യാപകനെ പുറത്താക്കി. ഇതിനെതിരെ പ്രതിഷേധമുയർത്തി വിദ്യാർത്ഥികൾ കോളേജിലെ പ്രിൻസിപ്പാളിനെ പൂട്ടിയിട്ടു. കോഴിക്കോട് ചേളന്നൂർ എസ് എൻ കോളേജിലാണ് സംഭവം. പ്രിൻസിപ്പൽ ദേവപ്രിയയെയാണ് വിദ്യാർത്ഥികൾ ആറു മണിക്കൂറോളം പൂട്ടിയിട്ടത്. എന്നാൽ അധ്യാപകന് ക്ലാസ്സ് എടുക്കാൻ പ്രാപ്തിയില്ലാത്തതിനാലാണ് പുറത്താക്കിയതെന്നും മാനേജ്മെന്റിന്റെ തീരുമാനമാണ് താൻ നടപ്പാക്കിയതെന്നുമാണ് പ്രിൻസിപ്പലിന്റെ വാദം. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തിയതിനെ വിലക്കിയിട്ടില്ലെന്നും അവർ പറയുന്നു. അധ്യാപകനെ പുറത്താക്കിയതിനെ പറ്റി വിദ്യാർത്ഥികളുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും അവർ സമരം തുടരട്ടെ എന്നും പ്രിൻസിപ്പാൾ പറഞ്ഞു. എന്നാൽ പിന്നീട് പ്രിൻസിപ്പലിന്റെ അനുമതിയോടുകൂടി വിദ്യാർത്ഥികളെ നീക്കി പോലീസ് പ്രിൻസിപ്പലിനെ മോചിപ്പിച്ചു. തുടർന്ന് പൂട്ടിയിട്ട് സമരത്തിന് നേതൃത്വം നൽകിയ പത്ത് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.