സ്വദേശിവൽക്കരണവും സാമ്പത്തിക പ്രതിസന്ധിയും : സൗദിയിൽ നിന്നും കാൽ ലക്ഷത്തോളം വിദേശ എഞ്ചിനീയർമാർ രാജ്യം വിട്ടു

ദമ്മാം: സൗദിയിൽ നിന്ന് കഴിഞ്ഞ വർഷം കാൽ ലക്ഷത്തോളം വിദേശ എഞ്ചിനീയർമാർ രാജ്യം വിട്ടതായി റിപ്പോർട്ട്. സ്വദേശിവൽക്കരണവും ഇടത്തരം സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കൊഴിഞ്ഞുപോക്കിന് കാരണം.പുതിയ എഞ്ചിനീയർമാർക്ക് തൊഴിൽ നൈപുണ്യ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് 24,000 ത്തിലധികം വിദേശ എഞ്ചിനീയര്‍മാര്‍ രാജ്യം വിട്ടതായി കണ്ടെത്തിയത്. ഇതേ കാലയളവിൽ മൂവായിരത്തോളം സ്വദേശികളായ എഞ്ചിനീയർമാർ പുതുതായി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം 38,000 സ്വദേശി എഞ്ചിനീയർമാരുൾപ്പെടെ 1,63,000 ൽ പരം (1,63,120) എഞ്ചിനീയർമാരാണ് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2018 ൽ ഒന്നര ലക്ഷത്തോളം (1,49,000) വിദേശ എഞ്ചിനീയർ സൗദിയിൽ ഉണ്ടായിരുന്നുവെങ്കിലും, പുതിയ കണക്കുകൾ പ്രകാരം ഇത് ഒന്നേകാൽ ലക്ഷമായി കുറഞ്ഞു.രാജ്യത്ത് ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന സ്വദേശിവൽക്കരണവും ഇടത്തരം സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളുമാണ് വിദേശ എഞ്ചിനീയർമാരുടെ കൊഴിഞ്ഞ് പോക്കിന് കാരണമെന്നാണ് അനുമാനിക്കുന്നത്. സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയവും സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്സും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം, കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉള്ള എഞ്ചിനീയർമാരെ മാത്രമേ ജോലിക്കു നിയമിക്കുവാൻ അനുവാദമുള്ളൂ. മാത്രവുമല്ല പുതിയതായി രാജ്യത്ത് എത്തുന്ന എഞ്ചിനീയർമാർക്ക് തൊഴിൽ നൈപുണ്യ പരിശോധനയും വ്യക്തിഗത അഭിമുഖവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.