സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ :ലോറി ഡ്രൈവർമാർക്ക് വിശ്രമം 

റിയാദ്: സൗദിയിൽ ലോറി ഡ്രൈവർമാർക്ക് മതിയായ വിശ്രമം ഉറപ്പാക്കണമെന്ന പുതിയ നിയമം പ്രാബല്യത്തിൽ. വാഹനം ഓടിക്കുന്ന സമയം, പ്രതിദിന വിശ്രമം, പ്രതിവാര വിശ്രമം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഡ്രൈവർമാർ നിർബന്ധമായും പാലിച്ചിരിക്കണം. ഇത് ഡ്രൈവർമാർ പാലിക്കുന്നുണ്ടെന്ന് കമ്പനി ഉറപ്പുവരുത്തണം.

24 മണിക്കൂറിനിടെ പരമാവധി 9 മണിക്കൂർ മാത്രമേ ഡ്രൈവർമാർ ചരക്ക് വാഹനം ഓടിക്കാൻ പാടുള്ളു. ആഴ്ചയിൽ 2 തവണ ഇത് പരമാവധി 10 മണിക്കൂറായി ദീർഘിപ്പിക്കാം. ചരക്ക് വാഹന ഡ്രൈവർമാരുടെ പ്രതിവാര തൊഴിൽ സമയം 56 മണിക്കൂറിൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

തുടർച്ചയായി നാലര മണിക്കൂർ ഡ്രൈവ് ചെയ്യുന്ന ലോറി ഡ്രൈവർമാർ 45 മിനിറ്റ് വിശ്രമിച്ചിരിക്കണം. രണ്ടു തവണയായും വിശ്രമ സമയം പ്രയോജനപ്പെടുത്താം. ആദ്യ തവണ 15 മിനിറ്റായും രണ്ടാം തവണ 30 മിനിറ്റായും വിശ്രമിക്കാം. ഈ സമയത് മറ്റൊരു ജോലിയും ചെയ്യരുതെന്ന് നിയമാവലി അനുശാസിക്കുന്നു. വിശ്രമ സമയത്ത് ലോറി ഓടിക്കുന്ന ഡ്രൈവർമാർക്ക് 3,000 റിയാൽ പിഴ ഈടാക്കുമെന്ന് പുതിയ ചരക്ക് ഗതാഗത നിയമാവലിയിൽ പറയുന്നു.