വീട്ടിനുള്ളിൽ സ്വർണാഭരണങ്ങൾ നിർമ്മിച്ചവർ  അറസ്റ്റിൽ

ജിദ്ദ: ദക്ഷിണ ജിദ്ദയിലെ കന്തറയിൽ ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ ആഭരണങ്ങൾ നിർമ്മിച്ച ഏഴു വിദേശികളെ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ പിടികൂടി. റെയ്ഡിൽ 300 കിലോ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു.

പിടിച്ചെടുത്ത ആഭരണങ്ങളിൽ ഫാക്ടറിയുടെ ട്രേഡ് മാർക്ക് മുദ്രണം ചെയ്തിട്ടില്ല. ഗുണമേന്മാ മാനദണ്ഡങ്ങളും ക്യാരറ്റ് വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ എന്നറിയാൻ ആഭരണങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. സ്ഥാപനം അടപ്പിച്ച്, പ്രതികളെ നിയമാനുസൃത നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും ലൈസൻസ് നേടുകയും നിയമാനുസൃതമായി പ്രവർത്തിക്കുകയും വേണമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.