ഖത്തറിൽ അപകട സ്ഥലങ്ങളിൽ നിരീക്ഷണത്തിന് ഡ്രോണുകൾ ഉപയോഗിച്ചു തുടങ്ങി.

ദോഹ : അപകട സ്ഥലങ്ങളിൽ നിരീക്ഷണത്തിന് വേണ്ടി ഹമദ് മെഡിക്കൽ കോർപറേഷൻ ആബുലൻസ് സർവസ് വിഭാഗം ഡ്രോണുകൾ ഉപയോഗിച്ചു തുടങ്ങി. അപകടം നടന്ന സ്ഥലത്തിന്റെ ചുറ്റുപാടുകൾ കൃത്യമായ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്

അടിയന്തര വൈദ്യസഹായം ഏറ്റവും വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിന് ആംബുലൻസ് സർവീസ് വിഭാഗത്തെ സഹായിക്കുകയാണ് ഡ്രോണുകളുടെ ലക്ഷ്യം. സപ്തംബറിൽ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പ് നടക്കുന്ന സമയത്താണ് എച്ച്എംസി ആദ്യമായി ഡ്രോണുകൾ ഉപയോഗിച്ചത്. ഇപ്പോൾ അടിയന്തര സാഹചര്യങ്ങൾക്കനുസരിച്ച് ഡ്രോണുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഖത്തറിലെ ജനങ്ങൾക്ക് കൂടുതൽ മികച്ച അടിയന്തര സേവനം ലഭ്യമാക്കുന്നതിനുള്ള ആംബുലൻസ് സർവീസിന്റെ മറ്റൊരു ചുവട് വയ്പ്പാണ് ഡ്രോൺ സേവനമെന്ന് ഹെൽത്ത് കെയർ കോഓഡിനേഷൻ ആന്റ് സപ്പോർട്ട് സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് റീമാൻ പറഞ്ഞു.

സങ്കീർണമായ അപകട രംഗങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് കാര്യങ്ങൾ വിശദമായി മനസ്സിലാക്കാനാവും. അപകടത്തിൽപ്പെട്ടവരുടെ എണ്ണം, ഏതൊക്കെ രീതിയിലുള്ള അപകട സാധ്യതകളാണ് പ്രദേശത്തുള്ളത്, ആംബുലൻസ് യൂനിറ്റിന്റെ കൃത്യമായ ലൊക്കേഷൻ, ഏത് റൂട്ടിലൂടെയാണ് എളുപ്പത്തിൽ സ്ഥലത്ത് എത്തിച്ചേരാനാവുക തുടങ്ങിയ കാര്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് മനസ്സിലാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.