ഒരു ദിവസത്തിന് ശേഷം കണ്ടെത്തിയ ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന്…

78

തിരുവനന്തപുരം: കൊല്ലം ഇളവൂരിൽ ആറ്റിൽ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. വ്യാഴാഴ്ച കാണാതായ കുട്ടിയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ കണ്ടെത്തിയത്. മരണത്തിൽ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചിരുന്നു.

വസ്ത്രങ്ങളെല്ലാം മൃതദേഹത്തിൽ തന്നെ ഉണ്ടായിരുന്നു. മുറിവുകളും മറ്റു ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രാഥമിക പരിശോധനയിൽ പോലീസിന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ശാസ്ത്രീയ പരിശോധനകളടക്കം നടത്തുമെന്ന് പോലീസ് അറിയിച്ചു.

നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയിൽ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുൻഭാഗത്തുള്ള ഹാളിൽ ഇരിക്കുകയായിരുന്നു.
തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാൽ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുൻഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.