പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി ബഹ്‌റൈൻ

മനാമ: ബഹ്‌റൈനില്‍ പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദേശം. കോവിഡ്-19 വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഔദ്യോഗികമായി നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും ആഭ്യന്തര വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യം അതീവ ജാഗ്രതയിലാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊറോണ പടര്‍ന്നതിന് മുന്‍പ് 2292 പേരാണ് ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയത്. ഔദ്യോഗികമായി ഇവരെ ആരോഗ്യവകുപ്പ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതില്‍ 310 പേര്‍ മന്ത്രാലയത്തിന്റെ ഫോണ്‍കോളിന് മറുപടി നല്‍കിയതായും അധികൃതര്‍ വെളിപ്പെടുത്തി. ഫെബ്രുവരിയില്‍ ഇറാനില്‍ നിന്നെത്തിയവര്‍ ഉടന്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തണമെന്നും രാജ്യത്തിന്റെ ആരോഗ്യവും സമൃദ്ധിയും കാത്തുസൂക്ഷിക്കാന്‍ ഒരോ പൗരനും ബാധ്യസ്ഥനാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

ആരോഗ്യമന്ത്രാലയത്തിനോട് അനുകൂല നിലപാട് സ്വീകരിക്കുകയും മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്ക് ആഭ്യന്തര വകുപ്പ് നന്ദിയറിയിച്ചു. ഇതുവരെ 38 കോവിഡ്-19 വൈറസ് കേസുകളാണ് ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 32 പേരുടെ ആരോഗ്യനില തൃപ്തികരമാണ്