ബഹ്‌റൈനിൽ കൊറോണ ബാധിതരുടെ എണ്ണം 38 ആയി

മനാമ: ഇറാനില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു സൗദി വനിതയ്ക്കും ഒരു ബഹ്‌റൈനി യുവതിക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബഹ്‌റൈനില്‍ കൊറോണ ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

പുതിയ രോഗികളെ പ്രത്യേകം സജ്ജീകരിച്ച ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ രോഗബാധയേറ്റ 32 പേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം ഏര്‍പ്പെടുത്തുന്ന രീതി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്