അബുദാബി പൊലീസിന്റെ യൂമെക്‌സ്, സിംടെക് പ്രദര്‍ശനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു

ദുബൈ: അബുദാബി പൊലീസ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യൂമെക്‌സ്, സിംടെക്‌സ് എന്നീ നൂതന സാങ്കേതിക വിദ്യാ പ്രദര്‍ശനങ്ങള്‍ വന്‍ ശ്രദ്ധയാകര്‍ഷിച്ചു. ആളില്ലാ സിസ്റ്റം എക്‌സിബിഷന്റെ നാലാം സെഷനാണ് ഒരുക്കിയത്. അബുദാബി പൊലീസിന്റെ ഏറ്റവും നൂതനമായ സ്മാര്‍ട് പ്രൊജക്ടാണിത്. യൂമെക്‌സ് 2020, സിംടെക്‌സ് 2020 എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍ ഒരുക്കിയത്. ഡിജിറ്റല്‍ ഗവണ്‍മെന്റ് എന്ന ദര്‍ശനം ലക്ഷ്യമാക്കിയുള്ളതാണിവയെന്നും അബുദാബി പൊലീസിലെ ലീഡര്‍ഷിപ് അഫയേഴ്‌സ് സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ സുല്‍ത്താന്‍ അല്‍യബൂനി പറഞ്ഞു.
ആളില്ലാ സിസ്റ്റം ഉപയോഗപ്പെടുത്തിയുള്ള വ്യവസായങ്ങള്‍, സിമുലേഷന്‍, പരിശീലനം, നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), റോബോട്ടിക് സാങ്കേതിക വിദ്യകള്‍ എന്നിവയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതിക വിദ്യകളും ഉയര്‍ത്തിക്കാട്ടുന്ന പ്രദര്‍ശനം കാണാന്‍ സര്‍ക്കാര്‍ പ്രതിനിധികളും വിവിധ സ്ഥാപന മേധാവികളും എത്തി.
അബുദാബി പൊലീസ് എല്ലാ വര്‍ഷവും ഈ എക്‌സിബിഷന്‍ സംഘടിപ്പിക്കാറുണ്ട്. മികച്ച സ്മാര്‍ട് സമ്പ്രദായങ്ങളും സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപാധിയായാണ് അബുദാബി പൊലീസ് ഈ പ്രദര്‍ശനത്തെ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക, സ്മാര്‍ട് സംരംഭങ്ങളും പദ്ധതികളും പ്രദര്‍ശനത്തിലുള്‍പ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രത്തിന്റെ ധൈഷണിക നേതൃത്വത്തിന്റെ അഭിലാഷങ്ങള്‍ക്കനുസരിച്ച് യുഎഇയുടെ കാഴ്ചപ്പാടും തന്ത്രവും മുന്നോട്ടു കൊണ്ടുപോകാന്‍ യൂമെക്‌സ്, സിംടെക് എക്‌സിബിഷനുകള്‍ സംഭാവന ചെയ്യുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നാലാം വ്യാവസായിക വിപ്‌ളവത്തിന്റെ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാനുള്ള അന്താരാഷ്ട്ര പ്രവണതകള്‍ക്കനുസൃതമായി സാങ്കേതിക വിദ്യയിലും നവീകരണത്തിലുമുള്ള പ്രമുഖ അന്താരാഷ്ട്ര കേന്ദ്രങ്ങളിലൊന്നായ യുഎഇയുടെ സ്ഥാനം ഉയര്‍ത്താനും ഈ രണ്ട് എക്‌സിബിഷനുകളും സഹായകമാകുന്നുവെന്നും അദ്ദേഹം പ്രത്യാശിച്ചു.

സ്മാര്‍ട്ട് പട്രോളിംഗ്
ഫേഷ്യല്‍ റെകഗ്‌നിഷന്‍ സിസ്റ്റം, വാഹന തിരിച്ചറിയല്‍ സംവിധാനം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ‘സ്മാര്‍ട് പട്രോളിംഗി’ല്‍ ഉള്‍പ്പെടുന്നു. വേഗം നിയന്ത്രിക്കാനുള്ള ഒരു ഓട്ടോമാറ്റിക് ട്യൂണിംഗ് സിസ്റ്റവും (റഡാര്‍ സ്പീഡ്) ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ, സീറ്റ് ബെല്‍റ്റ് ഉറപ്പിക്കാനും നിയമ ലംഘകരെ ക്രമീകരിക്കാന്‍ പ്രത്യേക കാമറയുടെ സാന്നിധ്യവും ഇതിലടങ്ങിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ, റോഡുകളിലെ സുരക്ഷിതത്വം, ട്രാഫിക് അപകടങ്ങള്‍ കുറക്കല്‍, സ്‌കൂള്‍ ബസുകളിലെ ‘സ്‌റ്റോപ് ആംഡ് ക്രോസ് ഓവറു’കള്‍ സംബന്ധിച്ച പ്രൊജക്ട് എന്നിവയും പ്രദര്‍ശനത്തില്‍ കാണുന്നു.
മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പുമായുള്ള തന്ത്രപരമായ പങ്കാളിത്ത സഹകരണത്തോടെ അബുദാബി പൊലീസ് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്‌കൂള്‍ ബസുകളിലെ സ്‌റ്റോപ് ഓവറുകള്‍ ക്രമീകരിക്കാനുള്ള സ്മാര്‍ട് ട്യൂണിംഗ് സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ, വിദ്യാര്‍ത്ഥികളുടെ ബോര്‍ഡിംഗ്, ഇറങ്ങുന്ന സമയത്ത് സ്‌കൂള്‍ ബസുകളില്‍ സ്റ്റാന്‍ഡ് ആം തുറക്കുമ്പോള്‍ നിര്‍ത്താതെ സഞ്ചരിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കല്‍ എന്നിവയും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച അവബോധവും പ്രദര്‍ശനത്തില്‍ ഉണ്ട്.

സുരക്ഷിത നഗരം
എക്‌സിബിഷനിലെ അബുദാബി പൊലീസിന്റെ ബൂത്തില്‍ നിരവധി സാങ്കേതിക സംവിധാനങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിര്‍മിത ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നതാണിവ. അബുദാബി എമിറേറ്റിലെ ട്രാഫിക് മാനേജ്‌മെന്റും ഗതാഗത സുരക്ഷയും ശക്തിപ്പെടുത്താന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ സഹായകമാകുന്നുവെന്നും അല്‍യബൂനി കുട്ടിച്ചേര്‍ത്തു.