അനധികൃതമായി പരസ്യം പതിക്കുന്നവരെ ഇനിമുതല്‍ പിടികൂടി നാടുകടത്തും.

43

ഷാര്‍ജയില്‍ അനധികൃതമായി പരസ്യം പതിക്കുന്നവരെ ഇനിമുതല്‍ പിടികൂടി നാടുകടത്തും. പരസ്യം പതിക്കുന്നവര്‍ മാത്രമല്ല, പരസ്യത്തില്‍ പരാമര്‍ശിക്കുന്ന നമ്പറിന്റെ ഉടമയും കുടുങ്ങും. 4000 ദിര്‍ഹമാണ് നിയമലംഘനത്തിന് പിഴ ഈടാക്കുക.

ഷാര്‍ജയില്‍ വഴിയോരത്തെ സ്ഥിരം കാഴ്ചയാണ് ഇത്തരം പരസ്യങ്ങള്‍. ഫ്ലാറ്റിന്റെയും ബെഡ്സ്പേസിന്റെയും പരസ്യം മുതല്‍ പലിശക്ക് പണം നല്‍കുന്നവര്‍ വരെ ഇത്തരത്തില്‍ പരസ്യം ചെയ്യാറുണ്ട്. ഇനി മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ ഏത് തരം പരസ്യം പതിക്കുന്നവരും പരസ്യം വിതരണം ചെയ്യുന്നവരും, പരസ്യത്തിന്റെ ഉടമകളും കുടുങ്ങും. അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ പിടിയിലായാല്‍ അവരെ നാടുകടത്തുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. 4000 ദിര്‍ഹം പിഴയും നല്‍കേണ്ടിയും വരും.

അനുമതിയില്ലാതെ സ്പാ, മസാജ് സെന്റര്‍ എന്നിവയുടെ കാര്‍ഡ് വിതരണം ചെയ്യുന്നവരും, അനുമതിയില്ലാതെ പോസ്റ്റര്‍ വിതരണം ചെയ്യുന്നവരും പിടിയിലാകും. ഇത്തരക്കാരെ നിരീക്ഷിക്കാന്‍ 50 പരിശോധകരെ നഗരത്തില്‍ വിന്യസിച്ചതായി പൊലീസ് അറിയിച്ചു. ഇത്തരം നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 901, 993 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണം എന്നും പൊലീസ് നിര്‍ദ്ദേശമുണ്ട്.