ആന്റിഫ്രോഡ് ഇടപാടുകള്‍ കണ്ടെത്താന്‍ ജിഡിആര്‍എഫ്എ ജീവനക്കാര്‍ക്ക് പരിശീലനം

52

ദുബൈ: ദുബൈ എമിഗ്രേഷന്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ആന്റിഫ്രോഡ് പരിശീലനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സും, ലോകത്തിലെ ഏറ്റവും വലിയ ആന്റിഫ്രോഡ് സംഘാടകരായ എസിഎഫ്ഇയുടെ യുഎഇയിലെ ചാപ്റ്റ്‌റായ അല്‍നസാഹ അസോസിയേഷനും സഹകരണ കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം ദുബൈയില്‍ സമാപിച്ച മിഡില്‍ ഈസ്റ്റ് ആന്റിഫ്രോഡ് സമ്മേളനത്തിലാണ് ഇരു ഭാഗവും ധാരണയായത്. ജിഡിആര്‍എഫ്എ ദുബൈക്ക് വേണ്ടി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റിയും, അല്‍നസാഹ അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ നയ്മാ മുഹമ്മദ് അല്‍ മിന്‍ഹാലിയുമാണ് കരാറില്‍ ഒപ്പു വെച്ചത്. പൊതുനന്മക്കായി ഇരു വിഭാഗവും തമ്മിലുള്ള സഹകരണങ്ങള്‍, ആശയ വിനിമയം, ഏകോപനം തുടങ്ങിയ രംഗങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നു.ഇത് പ്രകാരം ജിഡിആര്‍എഫ്എ ദുബൈയുടെ ജീവനക്കാര്‍ക്ക് സമഗ്രമായ പരിശീലന കോഴ്‌സുകളും വൈവിധ്യമാര്‍ന്ന അവബോധങ്ങളും അസോസിയേഷന്‍ നല്‍കും. വിപുലമായ രീതിയില്‍ തന്നെ ഇത്തരത്തിലുള്ള നടപടികളെ പിന്തുണക്കുന്ന പ്രോഗാമുകളും പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും മനുഷ്യ ശേഷിയും ജിഡിആര്‍എഫ്എ ദുബൈ ഇതുമായി ബന്ധപ്പെട്ട് ഒരുക്കി നല്‍കും.
പൊതുവായി തന്നെ തന്ത്രപരമായ ലക്ഷ്യങ്ങളും കൈമാറ്റ അനുഭവങ്ങളും നേടാനുള്ള ഉദ്യമത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള കരാറിലേക്ക് വഴി തെളിയിച്ചതെന്ന് ജിഡിആര്‍എഫ്എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി പറഞ്ഞു.