രണ്ടാമത് രാജ്യാന്തര ആയുഷ് സമ്മേളനവും പ്രദര്‍ശനവും ഏപ്രില്‍ 9 മുതല്‍ ദുബൈയില്‍

ദുബൈ: രണ്ടാമത് രാജ്യാന്തര ആയുഷ് സമ്മേളനവും പ്രദര്‍ശനവും ഏപ്രില്‍ 9 മുതല്‍ 11 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയ പിന്തുണയില്‍, യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍, ഇന്ത്യന്‍ എംബസി-കോണ്‍സുലേറ്റ് ജനറല്‍ നേതൃത്വത്തില്‍ സയന്‍സ് ഇന്ത്യാ ഫോറം ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേന്ദ്ര ആയുഷ് വകുപ്പ് സഹ മന്ത്രി ശ്രീപദ് നായിക്, വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരന്‍ എന്നിവര്‍ സംബന്ധിക്കും.
ആയുഷില്‍ ഉള്‍പ്പെട്ട ആയുര്‍വേദ, യോഗ, നാചുറോപതി, യുനാനി, സിദ്ധ, ഹോമിയോപതി വിഭാഗങ്ങളിലെ പ്രാക്ടീഷനറര്‍മാര്‍, പോളിസി മേക്കര്‍മാര്‍, വ്യവസായികള്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ സന്നിഹിതരാകും. വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ (ഡബഌുഎഎഫ്), നാഷണല്‍ ആയുര്‍വേദ സ്റ്റുഡന്റ്‌സ് ആന്റ് യൂത്ത് അസോസിയേഷന്‍ (നസ്യ), ഗ്‌ളോബല്‍ ഹോമിയോപതിക് അസോസിയേഷന്‍ (ജിഎച്ച്എഫ്); അമേരിക്ക, ഓസ്‌ട്രേലിയ, പൂര്‍വേഷ്യ, മധ്യപൂര്‍വേഷ്യ, ആഫ്രിക്ക രാജ്യങ്ങളിലെ നിരവധി ആയുഷ് സ്ഥാപനങ്ങള്‍ സമ്മേളനത്തിലും പ്രദര്‍ശനത്തിലും സാന്നിധ്യമറിയിക്കും. ഇന്ത്യന്‍ സര്‍ക്കാറിന്റെ മന്ത്രിതല സംഘം ആയുഷ് സമ്മേളനത്തിനെത്തുമെന്ന് വിപുല്‍ പറഞ്ഞു. ‘സാംക്രമിക ഇതര തീരാ വ്യാധികള്‍: ആയുഷിലൂടെ പ്രതിരോധ-കൈകാര്യ സംവിധാനം’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
30 പ്രഭാഷണങ്ങള്‍, 100 അവതരണങ്ങള്‍, 100 പോസ്റ്ററുകള്‍ എന്നിവയുണ്ടാകും. 25ലധികം രാജ്യങ്ങളില്‍ നിന്നും ആയുഷ് സംവിധാനത്തില്‍ നിന്നും 1,200ലധികം പ്രതിനികള്‍ പങ്കെടുക്കും. ഇന്ത്യ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പോളിസി മേക്കര്‍മാര്‍, പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. യുഎഇക്കും ഇന്ത്യക്കുമിടക്കുള്ള മെഡിക്കല്‍ ടൂറിസം ശക്തിപ്പെടുത്താന്‍ സമ്മേളനം ഉപകരിക്കുമെന്ന് സംഘാടകര്‍ പ്രത്യാശിച്ചു.
ആയുഷ് ഫാര്‍മ, എഫ്എംസിജി ഉല്‍പന്നങ്ങള്‍, ആയുഷ് സേവന ദാതാക്കള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ജൈവ ഉല്‍പന്നങ്ങള്‍, ആയുഷ് ഉപകരണങ്ങള്‍, വിവിധ സര്‍ക്കാര്‍ ആയുഷ് സംവിധാനങ്ങള്‍ മുതലായവ പ്രദര്‍ശനത്തിലുണ്ടാകും. മൂന്നു ദിവസവും നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. ആയുഷ് സംവിധാനത്തെ കുറിച്ചുള്ള പൊതു അവബോധ പരിപാടികളുമുണ്ടാകും. ഡോ. ബി.എം ഹെഗ്‌ഡെ, ദാജി കംലേഷ് പട്ടേല്‍ എന്നിവര്‍ പൊതുബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ആയുഷ് സമ്മേളനത്തോടനുബന്ധിച്ച് ഏപ്രില്‍ 11ന് ഇന്റര്‍നാഷണല്‍ ഡെലിഗേറ്റ് അസംബഌ (ഐഡിഎ) സംഘടിപ്പിക്കുന്നതാണ്. ലോകാരോഗ്യ സംഘടനാ (ഡബഌു.എച്ച്.ഒ) പ്രതിനിധികളും പരമ്പരാഗത പരിപൂരക-സമാന്തര വൈദ്യശാസ്ത്ര (ടിസിഎഎം) റഗുലേറ്റര്‍മാരും പോളിസി മേക്കര്‍മാരും സംബന്ധിക്കുന്നതാണ്.
സയന്‍സ് ഇന്ത്യാ ഫോറം രക്ഷാധികാരി സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, വിജ്ഞാന ഭാരതി സെക്രട്ടറി ജനറല്‍ ജയന്ത് സഹസ്രബുദ്ധെ, സയന്‍സ് ഇന്ത്യാ ഫോറം പ്രസിഡന്റ് ഡോ. സതീഷ് കൃഷ്ണന്‍, ആയുഷ് സംഘാടക കമ്മിറ്റി ജന.സെക്രട്ടറി ഡോ. വി.എല്‍ ശ്യാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.