പ്രവാസികള്‍ക്ക് കേന്ദ്ര ബജറ്റ് കനത്ത പ്രഹരമാണെന്ന് ബഹ്‌റൈന്‍ കെഎംസിസി

8

മനാമ: പ്രവാസികള്‍ക്കായി പുരധിവാസ -ക്ഷേമ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ അവരെ ആദായനികുതിയില്‍പെടുത്തിയ കേന്ദ്ര ബജറ്റ് പ്രവാസികള്‍ക്ക് കനത്ത പ്രഹരമാണെന്ന് ബഹ്‌റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീറഹ്മാനും ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലും അഭിപ്രായപ്പെട്ടു.
ജോലി ചെയ്യുന്ന രാജ്യത്ത് ആദായ നികുതി നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കണമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശിക്കുന്നത്. ഇത് അങ്ങേയറ്റം ക്രൂരവും പ്രവാസികളോടുള്ള സര്‍ക്കാരിന്റെ സമീപനവം വെളിവാക്കുന്നതുമാണ്. മറ്റൊരു രാജ്യത്തെ വരുമാനത്തില്‍ ഇന്ത്യയില്‍ നികുതി ചുമത്തുക എന്ന തീരുമാനം നീതികരിക്കാനാകില്ല.
രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തെ പിഴയുന്നതാണ് ഈ തീരുമാനം. ഗള്‍ഫിലുള്‍പ്പെടെയുള്ള പ്രവാസികളെ വളരെ ദോഷകരമായി ബാധിക്കുന്നതാണ് ഈ തീരുമാനം.
നാട്ടില്‍ ജോലി ലഭിക്കാത്തതിനാലാണ് മിക്കവരും പ്രവാസം തിരഞ്ഞെടുത്തത്. ആ രാജ്യത്തെ സാഹചര്യമാണ് പ്രവാസികളെ സൃഷ്ടിക്കുന്നത്. അത് തിരിച്ചറിയാതെ പ്രവാസികളെ ദ്രോഹിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികള്‍ തൊഴിലെടുക്കുന്ന അതാതു രാജ്യങ്ങള്‍ വളരെ അനുഭാവപൂര്‍ണമായ സമീപനം പ്രവാസികളോട് സ്വീകരിക്കുമ്പോള്‍ മാതൃ രാജ്യം സ്വന്തം പൗരന്മാരോട് സ്വീകരിക്കുന്നത് ക്രൂരതയാണ്.
വിദേശ ഇന്ത്യക്കാരായി (എന്‍ആര്‍ഐ) കണക്കാക്കണമെങ്കില്‍ 240 ദിവസം ഇന്ത്യക്ക് പുറത്ത് കഴിയണമെന്ന പുതിയ നിബന്ധനയും പ്രവാസികളെ ദോഷകരമായി ബാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ചെറുകിട ബിസിനസ് നടത്തുന്ന പലരും സാധാരണ ആറുമാസത്തോളം നാട്ടില്‍ കഴിയാറുണ്ട്. പുതിയ നിബന്ധന പ്രകാരം ഇവര്‍ എന്‍ആര്‍ഐ അല്ലാതാകും. പ്രവാസികള്‍ക്കുമാത്രമല്ല, ജനവിരുദ്ധവും തൊഴിലാളിവിരദ്ധവുമാണ് ബജറ്റ്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലക്കുന്നതാണ് ബജറ്റ്. ജനവിരുദ്ധമായ ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരാന്‍ കെഎംസിസി അഹ്വാനം ചെയ്തു.