വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി റിയാദിൽ അറബിക് കാലിഗ്രഫി ശില്പശാലയും സമ്മേളനവും

ജുബൈൽ: അറബിക് കാലിഗ്രഫി ശില്പശാലയും സമ്മേളനവും സൗദി സാംസ്കാരിക മന്ത്രാലയം റിയാദിൽ സംഘടിപ്പിക്കുന്നു. യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ അറബി കാലിഗ്രഫി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. അറബ് ലീഗ് എജുക്കേഷൻ, കൾച്ചറൽ ആൻഡ് സയൻറിഫിക് ഓർഗനൈസേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെ അഞ്ച് ദിവസമായി നടക്കുന്ന പരിപാടിയിൽ 16 അറബ് രാജ്യങ്ങൾ പങ്കെടുക്കും.

പൈതൃക പട്ടിക രജിസ്ട്രേഷനു വേണ്ടി ദേശീയ വിദ്യാഭ്യാസ സാംസ്കാരിക ശാസ്ത്ര സമിതിയുടെ സഹകരണത്തോടെ മാർച്ചിൽ സൗദി അറേബ്യ യുനെസ്കോക്ക് രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

അറബി, ഇസ്ലാമിക സാംസ്കാരിക സ്വത്വത്തിന്റെ ഏറ്റവും സമ്പന്നമായ വശങ്ങളിൽ ഒന്നായ അറബി കാലിഗ്രഫിക്ക് അതിൻറെ നീണ്ട ചരിത്രവും അതുല്യതയും കാരണം അസാധാരണമായ മൂല്യമുണ്ട് എന്ന് സൗദി ദേശീയ വിദ്യാഭ്യാസ സാംസ്കാരിക കമ്മീഷൻ സെക്രട്ടറി ജനറൽ ഹട്ടൻ ബിൻ മൗനിർ ബിൻ സമൻ പറഞ്ഞു