മിഡില്‍ ഈസ്റ്റ് ചന്ദ്രിക ‘മെഗാ കാര്‍ണിവല്‍ 2020’ മാര്‍ച്ച് 19, 20, 21 തീയതികളില്‍ അല്‍ബറാഹ കെഎംസിസിയില്‍

59
ആഭിമുഖ്യത്തില്‍ ‘മെഗാ കാര്‍ണിവല്‍ 2020’ മാര്‍ച്ച് 19, 20, 21 തീയതികളില്‍ അല്‍ബറാഹ കെഎംസിസി സമുച്ചയത്തില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഗാ കാര്‍ണിവല്‍ വേദി പ്രത്യേകം സജ്ജീകരിക്കുന്നതാണ്. പ്രവാസി സമൂഹത്തിന്റെ രണ്ടാം വീടായ യുഎഇയോടുള്ള കടപ്പാടായാണ് ഇന്‍ഡോ-യുഎഇ സാംസ്‌കാരിക സംഗമമെന്ന നിലയില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ദുബൈയില്‍ നടക്കുന്ന എക്‌സ്‌പോ 2020ന്റെ പ്രചാരണവും പരിപാടിക്കിടെ നടക്കും. 30,000ത്തിലധികം പേര്‍ കാര്‍ണിവലില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതുകാടിന്റെ നേതൃത്വത്തില്‍ മാജിക് ഷോയും മോട്ടിവേഷണല്‍ സ്പീച്ചുമുണ്ടാകും. ചലച്ചിത്ര നടനും അവതാരകനുമായ മിഥുന്‍ രമേശ് നേതൃത്വം നല്‍കുന്ന പ്രത്യേക പരിപാടികളും കാര്‍ണിവലിനെ വേറിട്ടതാക്കും. മൂന്നു ദിവസവും നടക്കുന്ന കലാ പരിപാടികള്‍ക്ക് പുറമെ, അബുദാബിയില്‍ നിന്നുള്ള ടീമിന്റെ സവിശേഷ പരിപാടികളും കാര്‍ണിവലില്‍ അരങ്ങേറുന്നതാണ്.
മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ മെഗാ കാര്‍ണിവലില്‍ പങ്കെടുക്കും. അറബ്-ഇന്ത്യന്‍ സാംസ്‌കാരിക, സംഗീത, കലാ, ഹാസ്യ പ്രകടനങ്ങള്‍; 150ഓളം വാണിജ്യ റീടെയില്‍ സ്റ്റാളുകള്‍; വിവിധ യൂണിവേഴ്‌സിറ്റികളുടെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍; കരിയര്‍ ഗൈഡന്‍സ് ഫെയര്‍; ഫുഡ് കോര്‍ട്ട്; മോട്ടിവേഷണല്‍ ക്‌ളാസുകള്‍; സൗജന്യ മെഡിക്കല്‍ ക്യാമ്പും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും; പ്രൊഫ. ഗോപിനാഥ് മുതുകാട് നയിക്കുന്ന മാജിക് ഷോ; സമ്മാനം നല്‍കുന്ന നിരവധി മല്‍സരങ്ങള്‍; സമാപന ദിനത്തില്‍ കാര്‍ സമ്മാനമായി നല്‍കുന്ന മെഗാ നറുക്കെടുപ്പ് തുടങ്ങിയവയാണ് മെഗാ കാര്‍ണിവലിലെ ആകര്‍ഷണങ്ങളെന്നും യുഎഇയിലെ സാംസ്‌കാരിക മേഖലയില്‍ ഇത്തരമൊരു കാര്‍ണിവല്‍ ഇതാദ്യത്തേതായിരിക്കുമെന്നും ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു.
അജ്മാന്‍ തുംബൈ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ വിവിധ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ പരിശോധനകളുണ്ടാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച അജ്മാന്‍ തുംബൈ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ദന്തല്‍, നേത്ര, ഫിസിയോ തെറാപി വിദഗ്ധരും ഫിസിഷ്യന്മാരും ഡയറ്റീഷ്യന്മാരും സൗജന്യ കണ്‍സള്‍ട്ടേഷന് നേതൃത്വം നല്‍കും. ലോകം മുഴുവന്‍ ഭീതി വിതച്ച കൊറോണ വൈറസ് ബോധവത്കരണ പ്രഭാഷണവുമുണ്ടാകും. വൈറ്റമിന്‍ ഡി, തൈറോയ്ഡ്, ലിവര്‍, കൊളസ്‌ട്രോള്‍, സിബിസി, ബി.പി, ഷുഗര്‍ പരിശോധനകള്‍ ലഭ്യമാക്കുന്നതാണ്. ഡിസ്‌കൗണ്ട് നിരക്കില്‍ മരുന്നുകളും നല്‍കും.
മിനി എക്‌സ്‌പോ എന്ന നിലയിലാണ് ഈ കാര്‍ണിവല്‍ നടത്താനുദ്ദേശിക്കുന്നതെന്ന് കെ.പി മാര്‍ട്ട് ഗ്രൂപ് ചെയര്‍മാനും എംഡിയുമായ കെ.പി മുഹമ്മദ് പറഞ്ഞു. കെ.പി മാര്‍ട്ടിന്റേതും പാര്‍കോ ഗ്രൂപ്പിന്റേതും മറ്റു വാണിജ്യ ഗ്രൂപ്പുകളുടേതുമടക്കമുള്ള സ്റ്റാളുകളാണ് ആസൂത്രണം ചെയ്യുന്നത്. ഫുഡ് കോര്‍ട്ടില്‍ നിരവധി ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇന്‍ഡോ-അറബ് സംസ്‌കാരം വിളിച്ചോതുന്ന ഔട്‌ലെറ്റുകളും പ്രദര്‍ശനങ്ങളുമുണ്ടാകും. കാര്‍ണിവല്‍ സംബന്ധിച്ച് ഇതിനകം നിരവധി അന്വേഷണങ്ങള്‍ ലഭിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി. മുസ്തഫ തിരൂര്‍ (ദുബൈ കെഎംസിസി), ആഡ് ആന്റ് മീ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ റഷീദ് മട്ടന്നൂര്‍, ഐ അഡ്വര്‍ടൈസിംഗ് സാരഥി രമേഷ് ബാബു, മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.