ബഹ്റൈനില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്ക് കൊറോണ വൈറസ്

ബഹ്റൈനില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നെത്തിയ ഇയാളെ ചികിത്സയ്ക്കായി ഇബ്രാഹിം ഖലീല്‍ കാനൂ കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്‍ററിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.രോഗം സ്ഥരീകരിച്ച ആളുമായി സമ്പര്‍ക്കമുണ്ടായിരുന്ന കുടുംബാംഗങ്ങളെയും മറ്റുള്ളവരെയും 14 ദിവസത്തേക്ക് നിരീക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇറാനില്‍ നിന്ന് ദുബായ് വഴി ഫെബ്രുവരി 21നാണ് ഇയാള്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും. ഫെബ്രുവരി 23ന് രണ്ട് സ്കൂളുകളിലും ഒരു കിന്‍റര്‍ഗാര്‍ട്ടനിലും ഇയാള്‍ കുട്ടികളെ എത്തിച്ചിരുന്നു. മുന്‍കരുതല്‍ എന്ന രീതിയില്‍ ഈ രണ്ട് സ്കൂളുകളും കിന്‍റര്‍ഗാര്‍ട്ടനും 14 ദിവസത്തേക്ക് അടച്ചിടും. സ്കൂള്‍ ബസിലുണ്ടായിരുന്ന എല്ലാവരെയും ആരോഗ്യ മന്ത്രാലയം പരിശോധനയ്ക്ക് വിധേയരാക്കി. കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ കണ്ടാല്‍ 444 എന്ന നമ്പരില്‍ വിളിച്ച് വൈദ്യസഹായം തേടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.