കൊറോണ വൈറസ് : ചൈനയില്‍ മരിച്ചവരുടെ എണ്ണം 1886 ആയി.

10

കൊറോണ വൈറസ് ബാധമൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 1886 ആയി. ഇന്നലെ മാത്രം 98 പേരാണ് മരിച്ചത്. ചൈനയിലിതുവരെ 72,436 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്നലെ മരിച്ച 98 പേരില്‍ 93 പേരും ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. വൈറസ് ബാധ പടരുന്നത് തടയാനായി സ്വീകരിച്ച നടപടികള്‍ വിജയം കണ്ട് തുടങ്ങിയതായി ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ പറഞ്ഞു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 14 ശതമാനം പേര്‍ മാത്രമാണ് മരിക്കുന്നതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. കുട്ടികളില്‍ മരണനിരക്ക് കുറവാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനാം അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാന്‍ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ അമേരിക്ക ഒഴിപ്പിച്ചു. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി 380 യാത്രക്കാരെ കാലിഫോര്‍ണിയയിലെ ട്രാവിസ്, ടെക്‌സസിലെ ലാക്ലന്‍ഡ് വ്യോമ ആസ്ഥാനങ്ങളിലെത്തിച്ചു.

യോക്കോഹാമ തുറമുഖത്തുള്ള കപ്പലില്‍ 99 പേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതായി ജപ്പാന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതോടെ കപ്പലില്‍ വൈറസ് ബാധിച്ചവര്‍ 454 ആയി. കപ്പലില്‍ കൊറോണ വൈറസ് ബാധിച്ചത് നാല് ഇന്ത്യക്കാര്‍ക്കെന്ന് ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നാല് പേരും അപകടനില തരണം ചെയ്തുവെന്നും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുവെന്നും എംബസി ട്വിറ്ററില്‍ പറഞ്ഞു. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരെ എത്രയുംവേഗം പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും അധികൃതര്‍ വ്യക്തമാക്കി.