എക്‌സ്‌പോ വേദിയില്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മിത സര്‍വീസ് സ്റ്റേഷനുകള്‍

ബൈ: പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദമായ സര്‍വീസ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു. യുഎഇ ദേശീയ വൃക്ഷത്തിന്റെ മാതൃകയില്‍ പണിയുന്ന ഈ സ്റ്റേഷനുകള്‍ ഹരിതാഭമായിരിക്കും. ഇനോക് ഒരുക്കുന്ന ഈ സര്‍വീസ് സ്റ്റേഷനില്‍ പെട്രോളിനും ഡീസലിനും പുറമെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഇവിടെയുണ്ടാകും. ജൂണ്‍ മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കും.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണു നിര്‍മാണം തുടങ്ങിയത്. ഇതിനകം 40 ശതമാനം പൂര്‍ത്തിയായി. രാജ്യാന്തര ഹരിതമാനദണ്ഡങ്ങള്‍ പാലിക്കുന്ന ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റോടു കൂടിയ മേഖലയിലെ ആദ്യത്തെ സ്റ്റേഷനാണ് ഒരുങ്ങുന്നതെന്നു ഇനോക് ഗ്രൂപ് സിഇഒ: സെയ്ഫ് ഹുമൈദ് അല്‍ ഫലാസി പറഞ്ഞു.
പ്രതിദിനം 2,000 വാഹനങ്ങള്‍ക്ക് 6 പമ്പുകള്‍ വഴി 80,000 ലീറ്റര്‍ ഇന്ധനം നിറക്കാനാകും. ആദ്യഘട്ടത്തില്‍ എക്‌സ്‌പോയുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കാകും സേവനം. എക്‌സ്‌പോയ്ക്കു ശേഷം എല്ലാ വാഹനങ്ങള്‍ക്കും അനുവദിക്കും. ഒക്ടോബര്‍ 20 മുതല്‍ അടുത്തവര്‍ഷം ഏപ്രില്‍ 10 വരെ നടക്കുന്ന എക്‌സ്‌പോയില്‍ 192 രാജ്യങ്ങളാണു പങ്കെടുക്കുന്നത്. സൂര്യപ്രകാശത്തില്‍ നിന്നും കാറ്റില്‍ നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന സാങ്കേതിക വിദ്യകള്‍ ഇവിടെയുണ്ടാകും. പൊടിക്കാറ്റിനെയും അമിത ചൂടിനെയും പ്രതിരോധിക്കുന്ന സോളര്‍ പാനലുകളും കൂറ്റന്‍ വിന്‍ഡ് ടര്‍ബൈനുകളും സ്ഥാപിക്കും. ഇതുവഴി ഊര്‍ജോപയോഗം 48 ശതമാനം ലാഭിക്കാനാവും. സര്‍വീസ് സ്റ്റേഷനില്‍ പൂര്‍ണമായും എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. വാഹനങ്ങള്‍ വന്നുപോകുന്നതിനനുസരിച്ച് ആവശ്യത്തിനുമാത്രം ലൈറ്റുകള്‍ ഉപയോഗിക്കുന്ന സംവിധാനമാണുള്ളത്. ഇതിനായി പ്രത്യേക സെന്‍സറുകള്‍ ഉണ്ടാകും. വെള്ളത്തിന്റെ ഉപയോഗവും നിയന്ത്രിക്കും. മരച്ചില്ലകളിലെ പന്തല്‍ മാതൃകയിലാണു മേല്‍ക്കൂര. കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണിതു നിര്‍മിക്കുന്നത്. സ്റ്റീലിനെക്കാള്‍ 3 മടങ്ങ് കരുത്തും 5 മടങ്ങ് ഭാരക്കുറവുമുണ്ടാകും. അള്‍ട്രാവയലറ്റ് സംരക്ഷണമുള്ള മേല്‍ക്കൂരയിലൂടെ സൂര്യപ്രകാശം കടന്നുവരും. ചൂടുമുണ്ടാകില്ല. ഇന്ധനബാഷ്പീകരണം പരമാവധി കുറയ്ക്കുകയും ചെയ്യും.