കള്ള ടാക്സിക്കാർക്കെതിരെ ശക്തമായ നടപടിയുമായി അബുദാബി പൊലീസ്

20

കള്ള ടാക്സിക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി പൊലീസ്. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. നിയമം ലംഘിച്ചു സമാന്തര ടാക്സിസർവീസ് നടത്തിയ 3,376 സ്വകാര്യ വാഹനങ്ങൾ പിടിയിലായ പശ്ചാത്തലത്തിലാണു നടപടി ഊർജിതമാക്കിയത്.

1115 പരിശോധനകളിലാണ് ഇത്രയും വാഹനങ്ങൾ പിടിക്കപ്പെട്ടത്. ടാക്സി ലൈസൻസ് എടുക്കാതെ ഇത്തരം സേവനം നടത്തുന്നത് ഗൗരവമേറിയ സാമൂഹിക, സാമ്പത്തിക, സുരക്ഷാ കുറ്റകൃത്യമായി കണക്കാക്കുമെന്നു ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റഷ്ദി പറഞ്ഞു. അനധികൃത സേവകരുടെ എണ്ണം വർധിച്ചതിനാൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കുമെന്നു ഗതാഗത സുരക്ഷാ വിഭാഗം ആക്ടിങ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഖാലിദ് മുഹമ്മദ് അൽ ‍ഷെഹിയും പറഞ്ഞു.

സമാന്തര ടാക്സി സേവനം യുഎഇയിൽ നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ ഫെഡറൽ ഗതാഗത നിയമം അനുസരിച്ച് 3000 ദിർഹം പിഴയും 24 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. കൂടാതെ ഒരു മാസത്തേക്കു വാഹനം കണ്ടുകെട്ടും. നിയമലംഘനം ആവർത്തിക്കുന്നവർക്കു 20,000 ദിർഹമായിരിക്കും പിഴ. മൂന്നാമതും പിടിക്കപ്പെട്ടാൽ 40,000 ദിർഹം അടയ്ക്കണം. നാലാമത്തെ തവണ നിയമം ലംഘിക്കുന്നവർ 80,000 ദിർഹം പിഴയടയ്ക്കണം.മൂന്നു മാസത്തേക്ക് വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യും.

അനധികൃത ടാക്സിക്കാരോടൊപ്പമുള്ള യാത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്നും വ്യക്തമാക്കുന്നു.അപകടം ഉണ്ടായാൽ അപരിചിതരായ ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാവില്ല.ഇതുമൂലം ഇൻഷൂറൻസ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ലെന്നത് ഓർക്കണമെന്നും സൂചിപ്പിച്ചു.

സുഹൃത്തുക്കളും സഹപ്രവർത്തകരുമായാൽ പോലും അധികൃതരുടെ അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോകുന്നതു നിയമലംഘനമാണ്.