ലജ്ജ സ്വഭാവങ്ങളുടെ മജ്ജ

553

പാപികളായ മനുഷ്യരെ കൂടുതല്‍ തെറ്റുകാരാകുന്നതില്‍ നിന്നും തടയുന്ന സ്വഭാവ രൂപമാണ് ലജ്ജ. മറ്റു ജന്തുക്കളില്‍ നിന്നും മനുഷ്യരെ വ്യത്യസ്തരാക്കുന്നതുമാണിത്. തെറ്റുകളെ എടുത്തു പറഞ്ഞ് പരസ്യപ്പെടുത്താതെ മറച്ചു വെക്കുന്നത് ലജ്ജാവസ്ഥയുടെ ഭാഗമാണ്. ഈ രണ്ടു സ്വഭാവങ്ങള്‍ പരസ്പര ബന്ധിതവുമാണ്. ലജ്ജയെയും തെറ്റ് മറച്ചുവെക്കലിനെയും ഇഷ്ടപ്പെടുന്ന അല്ലാഹുവിന് ആ രണ്ടുത്തമ വിശേഷങ്ങളുമുണ്ട് (ഹദീസ് അബൂദാവൂദ് 4012, അഹ്മദ് 17970). അടിമകളുടെ തെറ്റുകളെ പരസ്യപ്പെടുത്താന്‍ ലജ്ജിക്കുന്ന അല്ലാഹു ഇഹലോകത്തും പരലോകത്തും അവയെ മറച്ചു വെക്കുന്നു. അവനോട് പ്രാര്‍ത്ഥിച്ച അടിമയെ നിരാശനാക്കി വിടാന്‍ അവനാവില്ല. അവനതില്‍ ലജ്ജിക്കുന്നു. നബി (സ്വ) പറയുന്നു: ഓരോര്‍ത്തരുടെയും തെറ്റു-കുറ്റങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ വെളിവാക്കപ്പെടും. അല്ലാഹു ചോദിക്കും: താങ്കള്‍ ഇങ്ങനെയൊക്കെ ചെയ്തില്ലേ? അവന്‍ പറയും: അതേ. അല്ലാഹു വീണ്ടും ചോദിക്കും: ഇങ്ങനെയൊക്കെ ചെയ്തില്ലേ? അവന്‍ പറയും: അതേ. എല്ലാം സമ്മതിക്കുന്ന അവനോട് പറയും: നിന്റെ ദോഷങ്ങളെ ഞാന്‍ ഐഹിക ലോകത്ത് മറച്ചു വെച്ചു. ഇന്നിവിടെ പാരത്രിക ലോകത്ത് ഞാനവയെ നിനക്ക് പൊറുത്തു തരുന്നുമുണ്ട്
(ഹദീസ് ബുഖാരി, മുസ്‌ലിം).
ലജ്ജയും മറച്ചു വെക്കലും മനുഷ്യന് അവന്റെ ഉല്‍പത്തി മുതലുള്ള സ്വഭാവ വിശേഷങ്ങളാണ്. ആദിമ മനുഷ്യന്‍ ആദം നബി(അ)യും ഭാര്യ ഹവ്വായും സ്വര്‍ഗത്തിലെ വിലക്കപ്പെട്ട പഴം തിന്ന് ഗുഹ്യസ്ഥാനങ്ങള്‍ വെളിവായപ്പോള്‍ മറച്ചു വെച്ചിരുന്നു. ”ആ വൃക്ഷത്തില്‍ നിന്ന് രുചിച്ചപ്പോള്‍ അവരുടെ ഗുഹ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. സ്വര്‍ഗത്തിലെ ഇലകള്‍ പറിച്ചു വെച്ച് അവര്‍ ശരീരം മറയ്ക്കാന്‍ തുടങ്ങി” (സൂറത്തുല്‍ അഅ്‌റാഫ് 22). ദൃഷ്ടികളില്‍ നിന്ന് മറച്ചു വെക്കലാണ് മനുഷ്യന്റെ ആദ്യ ചെയ്തി. ഈ രണ്ടു മാനുഷിക സ്വഭാവ മൂല്യങ്ങള്‍ കൊണ്ട് പ്രവാചകന്മാരെല്ലാം വിശേഷിതരായിരുന്നു. മൂസാ നബി (അ) ലജ്ജയും മര്യാദയുമുള്ള പൗരുഷത്തിനുടമയായിരുന്നു (ഹദീസ് ബുഖാരി 3404). നബി (സ്വ) അതിയായി ലജ്ജിക്കുന്നവരായിരുന്നു (ഹദീസ് ബുഖാരി 4739). മാത്രമല്ല, നബി (സ്വ) പറഞ്ഞിരുന്നു: എല്ലാ മതത്തിനും ഒരു പ്രത്യേക സ്വഭാവ ഗുണമുണ്ടായിരിക്കും.
ഇസ്‌ലാമിന്റെ സ്വഭാവം ലജ്ജയാണ് (മുവത്വ 950). ന്യൂനതകളെ മറച്ചു വെക്കാന്‍ അല്ലാഹുവിനോട് നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു നബി (സ്വ). പ്രവാചകാനുയായികളും ഈ സ്വഭാവങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഉസ്മാനു ബ്‌നു അഫ്ഫാന്‍ (റ) ലജ്ജയുടെ കാര്യത്തില്‍ പേരു കേട്ട സ്വഹാബിയാണ്. മഹാനവര്‍കളോട് മലക്കുകള്‍ പോലും ലജ്ജിക്കുമായിരുന്നുവത്രെ (ഹദീസ് മുസ്‌ലിം 2401). പ്രവാചക പത്‌നിമാരടക്കം സ്വഹാബി വനിതകളും ലജ്ജാവതികളായിരുന്നു. ഫാത്വിമ (റ), ആയിശ (റ) എന്നിവരാണ് ലജ്ജയില്‍ ഖ്യാതി നേടിയ മഹിളാ രത്‌നങ്ങള്‍.
വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന സ്ത്രീ-പുരുഷന്മാര്‍ അല്ലാഹു കല്‍പ്പിച്ച വിധം ലജ്ജ കാട്ടുന്നവരാണ്. അല്ലാഹു പറയുന്നു: ഹേ മനുഷ്യരേ, നിങ്ങള്‍ക്ക് നഗ്‌നത മറയ്ക്കാനും അലങ്കാരത്തിനുമുള്ള വസ്ത്രം നാം തന്നിരിക്കുന്നു. എന്നാല്‍, ഭക്തിയുടെ പുടവയാണ് ഏറ്റം ഉദാത്തം. അവര്‍ പാഠമുള്‍ക്കൊള്ളാനായി അല്ലാഹു അവതരിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണത് (സൂറത്തുല്‍ അഅ്‌റാഫ് 26). ശരീരം മറയ്ക്കാന്‍ വസ്ത്രമാണെങ്കില്‍, മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ഭക്തിയുടെ വസ്ത്രമാണ് ലജ്ജ. തെറ്റ് പറ്റിയാല്‍ അത് വിളിച്ചു പറഞ്ഞ് പരസ്യപ്പെടുത്താതിരിക്കലാണ് മാനുഷിക ഗുണം. തെറ്റ് ചെയ്താലോ പിഴവ് പറ്റിയാലോ സ്വന്തം പ്രസിദ്ധപ്പെടുത്തരുത്. അല്ലാഹു അതിനെ മറച്ചു വെക്കും പ്രകാരം അവനും അതിനെ മറച്ചു വെക്കണം. ശേഷം, പിഴവുകള്‍ ശരിയാക്കി തെറ്റുകള്‍ തിരുത്തണം. നന്നാവണം. തെറ്റുകളിലേക്ക് നയിക്കുന്ന കാരണങ്ങളെ കരുതിയിരിക്കുകയും വേണം. അങ്ങനെ പശ്ചാത്തപിക്കുന്നവന് അല്ലാഹു പ്രായശ്ചിത്തം നല്‍കുകയും തെറ്റുകള്‍ മറച്ചു വെക്കുകയും ചെയ്യും. നബി (സ്വ) പറയുന്നു: എന്റെ സമുദായത്തിലെ ഏവര്‍ക്കും പൊറുത്തു നല്‍കുന്നതാണ്, പാപങ്ങള്‍ പരസ്യപ്പെടുത്തുന്നവര്‍ക്കൊഴികെ. ഒരാള്‍ രാത്രി ചെയ്ത തെറ്റ് അല്ലാഹു മറച്ചു വെക്കും. എന്നാല്‍, അവന്‍ രാവിലെ മാലോകര്‍ക്ക് മുന്നില്‍ വിളിച്ചു പറയും: ഞാനിന്നലെ രാത്രി ഇങ്ങനെയൊക്കെ ചെയ്തു. അല്ലാഹു പിറ്റേ രാത്രിയും അതൊക്കെ മറച്ചു വെക്കും. എന്നാലും അവന്‍ അത് പരസ്യപ്പെടുത്തും. അതാണ് തെറ്റ് പരസ്യപ്പെടുത്തല്‍ (ഹദീസ് ബുഖാരി, മുസ്‌ലിം).
തെറ്റ് ചെയ്താല്‍ തുടര്‍ന്ന് ഒരു നന്മയും ചെയ്യണം. എന്നാല്‍, അല്ലാഹു ആ തെറ്റിനെ മായ്ച്ചു കളയും. ഒരിക്കല്‍ ഒരാള്‍ നബി(സ്വ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: തിരുദൂതരേ, ഞാനൊരു തെറ്റ് ചെയ്തിട്ടുണ്ട്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: അല്ലാഹു ആ തെറ്റിനെ മറച്ചു വെച്ചു. താങ്കളും അങ്ങനെ ചെയ്തിരുന്നെങ്കില്‍. അപ്പോള്‍ അയാള്‍ എഴുന്നേറ്റു പോയി. നബി (സ്വ) അയാളെ വിളിച്ച് സൂറത്തുഹൂദിലെ 114-ാം സൂക്തം കേള്‍പ്പിച്ചു. ”പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ചില സന്ദര്‍ഭങ്ങളിലും താങ്കള്‍ യഥായോഗ്യം നമസ്‌കാരം നിലനിര്‍ത്തുക. സദ്കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ ഇല്ലായ്മ ചെയ്യും, തീര്‍ച്ച. ചിന്തിക്കുന്നവര്‍ക്കിത് ഒരു ഉദ്‌ബോധനമാണ്” എന്നാണ് സൂക്തം. ഇത് കേട്ട ഒരാള്‍ ചോദിച്ചു: നബിയേ, ഇപ്പറഞ്ഞത് ഇയാള്‍ക്ക് പ്രത്യേകമാണോ?”. നബി (സ്വ) പറഞ്ഞു: അല്ല, ഏവര്‍ക്കുമുള്ളതാണ് (ഹദീസ് മുസ്‌ലിം 2763).
തെറ്റ് ചെയ്ത ഒരാളുടെ തെറ്റ് മറച്ചു വെച്ചാല്‍ അയാളില്‍ അത് നല്ല മാറ്റത്തിന് വഴിവെക്കും. സഹോദരന്റെ തെറ്റു-കുറ്റമോ ന്യൂനതയോ മറച്ചു വെക്കുന്ന പക്ഷം അവന് തിരുത്തലിന് അവസരമുണ്ടാകും. അതുവഴി അല്ലാഹുവിലേക്ക് മടങ്ങാനാകും. വിശ്വാസിയുടെ തെറ്റുകള്‍ മറച്ചവന്റെ തെറ്റുകള്‍ അല്ലാഹു ഇഹലോകത്തും പരലോകത്തും മറച്ചു വെക്കുന്നതായിരിക്കും. ലജ്ജ ജീവിതത്തിന്റെ എല്ലാ തുറകളിലും അനുവര്‍ത്തിക്കേണ്ട വ്യക്തിത്വ വികാസത്തിന്റെ ഘടകമാണ്, കുടുംബത്തിലും സമൂഹത്തിലുമെല്ലാം. ലജ്ജ കാര്യങ്ങളെ ഭംഗിയാക്കുമെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത്.