സൗദിയിൽ മലയാളി ഉറക്കത്തിനിടെ മരിച്ചു

10

റിയാദ്: സൗദിയില്‍ ജോലി ചെയ്തിരുന്ന മലയാളി ഉറക്കത്തിനിടെ മരിച്ച നിലയില്‍. ഖുന്‍ഫുദയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ള സ്വദേശി മുഹമ്മദ് (48) ആണ് മരിച്ചത്. ബുധനാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം അടുത്തുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജിദ്ദയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു മരണം.

സഹോദരനൊപ്പമായിരുന്നു താമസമെങ്കിലും ജോലി ആവശ്യാര്‍ത്ഥം അദ്ദേഹം ജിസാനിലേക്ക് പോയിരുന്നതിനാല്‍ മുറിയില്‍ മുഹമ്മദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഏറെ വൈകിയും എഴുന്നേല്‍ക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഖുന്‍ഫുദ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ ഖബറടക്കുമെന്ന് സഹോദരന്‍ അറിയിച്ചു.