ബഹ്‌റൈനിൽ മലയാളി നഴ്‍സിനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിൽ .

മനാമ: ബഹ്റൈനിലെ സല്‍മാനിയയില്‍ ജോലി കഴിഞ്ഞ് വരികയായിരുന്ന മലയാളി നഴ്‍സിനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ജോലി ചെയ്യുന്ന 32കാരിക്കാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. രാത്രി 10.50ന് ജോലി കഴിഞ്ഞിറങ്ങി വീട്ടിലേക്ക് നടന്നുവരവെ പിന്തുടര്‍ന്നെത്തിയ അക്രമി ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ 29കാരനായ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.

സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലേക്കുള്ള റോഡിലായിരുന്നു സംഭവം. അല്‍പനേരം യുവതിയെ പിന്തുടര്‍ന്ന അക്രമി, പെട്ടെന്ന് യുവതിയെ നിലത്തേക്ക് തള്ളിയിടുകയായിരുന്നു. പിന്നീട് ദാരുണമായി മര്‍ദിക്കുകയും യുവതിയുടെ തല നിലത്ത് ഇടിക്കുകയും ചെയ്തു. മുടിയില്‍ പിടിച്ചുവലിച്ച് സമീപത്തുണ്ടായിരുന്ന ഒരു പിക്ക് അപ്പ് വാഹനത്തിലും ഇടിച്ചു. യുവതിയുടെ ബഹളം കേട്ട് പരിസരത്തുനിന്നും ആളുകള്‍ ഓടിയെത്താന്‍ തുടങ്ങിയതോടെ ഇയാള്‍ രക്ഷപെട്ടു.

ആക്രമണത്തിനിരയായ യുവതിക്ക് വയറ്റിലും നെഞ്ചിലും പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പരിചയമില്ലെന്നും ആക്രമണത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിനൊപ്പം 2012 മുതല്‍ ബഹ്റൈനില്‍ താമസിച്ചുവരികയാണ് ഇവര്‍.