സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്പോൺസർഷിപ്പ് മാറ്റാം

8

റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അനുമതി. നിലവിൽ ഈ സേവനം മന്ത്രാലയ ശാഖകൾ വഴി മാത്രമാണ്. ഓൺലൈൻ വഴി സാധിക്കില്ല. ഗാർഹിക തൊഴിലാളികളുടെ ഇക്കാമ ഒരു വർഷത്തിൽ കൂടുതൽ പുതുക്കിയതാകാൻ പാടില്ല. ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമല്ലാത്തതിനാലാണ് ഇത്.

സ്ഥാപനങ്ങളുടെ സ്പോണ്സര്ഷിപ്പിലുള്ള തൊഴിലാളികളുടെ കഫാല വ്യക്തികളുടെ പേരിലേക്ക് മാറ്റാൻ അനുവദിക്കില്ല. സ്ഥാപനങ്ങളിലേക്ക് മാറാനും പ്രൊഫഷൻ മാറ്റാനും ഗാർഹിക തൊഴിലാളികൾ സമ്മതപത്രം നൽകിയിരിക്കണം. ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് ഇതു ബാധകമാണ്. അറബി ഭാഷ അറിയാത്ത തൊഴിലാളികൾ നൽകുന്ന സമ്മതപത്രം വിവർത്തനം ചെയ്തിരിക്കണമെന്നും നിർദ്ദേശമുണ്ട്. അതിൽ സ്ഥാപനത്തിൻറെ പേരും ലേബർ ഓഫീസിലെ ഫയൽ നമ്പറും സ്ഥാപനത്തിൻറെ ചുമതലവഹിക്കുന്ന വ്യക്തിയുടെ പേരും സ്ഥാപനത്തിൻറെ സീലും ഉണ്ടായിരിക്കണം. നിലവിലെ സ്പോൺസറിൽ നിന്നുള്ള റിലീസ് ലെറ്ററും ഹാജരാക്കണം. ഇത് ചേംബർ ഓഫ് കൊമേഴ്‌സോ ലേബർ ഓഫീസോ അറ്റസ്റ്റ് ചെയ്തിരിക്കണം.

തൊഴിലാളിയുടെ സേവനം ആവശ്യമാണെന്ന് പറഞ്ഞ് സ്ഥാപനം നൽകുന്ന കത്തും കൊമേഴ്സിൽനിന്ന് സാക്ഷ്യപ്പെടുത്തി ഹാജരാക്കണം.