ഒമാനിൽ ഇനി രാജ്യം വിടും മുൻപ് പിഴകൾ ഓൺലൈനായി അടയ്ക്കാം

5

ഒമാൻ : രാജ്യത്തു താമസിക്കുന്ന സമയം ലഭിച്ച പിഴകൾ ഇനി രാജ്യം വിടും മുൻപ് ഓൺലൈനായി അടക്കാം . വിദേശികൾക്കുമായി റോയൽ ഒമാൻ പൊലീസാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് . വിസ , റസിഡൻസ് വിസ കാലാവധി കഴിഞ്ഞവർക്കും ട്രാഫിക് പിഴകൾ ഉള്ളവർക്കും ഓൺലൈനായി പണമടക്കാൻ സാധിക്കും . പിഴ അടയ്ക്കുന്നതിന്റെ വിശദമായ വിവരങ്ങൾ പോലീസ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട് . നേരത്തെ ഇത്തരം പിഴകൾ അടക്കുന്നതിന് വിമാനത്താവളത്തിലാണു സംവിധാനമുണ്ടായിരുന്നത് . www.rop.gov.om എന്ന വെബ്സൈറ്റിൽ നൽകിയ ഫോറം പൂരിപ്പിച്ചാണ് പിഴ അടക്കേണ്ടത് . പേയ്മെന്റ് നടത്തിയ ശേഷം റെസീപ്റ്റ് പ്രിന്റ് എടുക്കുകയും വേണം . പിഴയടച്ചവർക്ക് നേരിട്ട് പാസ്പോർട്ട് കൗണ്ടറുകളിലേക്കോ ഇ – ഗേറ്റ് കൗണ്ടറുകളിലേക്കോ പോയി ഡിപ്പാർച്ചർ നടപടികൾ പൂർത്തിയാക്കാമെന്നും പൊലീസ് വ്യക്തമാക്കി . സഞ്ചാരികൾക്കും വിദേശികൾക്കും രാജ്യത്തിന് പുറത്തേക്ക് പോകുമ്പോൾ യാത്രാ നടപടികൾ സുഗമമാക്കാൻ പുതിയ സംവിധാനം ഗുണം ചെയ്യുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു .