മതേതരത്വം പുണര്‍ന്ന സയ്യിദ് ശിഹാബിന്റെ സ്മരണയില്‍ ശശി തരൂര്‍ ഇന്ന് പുരസ്‌കൃതനാകും

102

അബുദാബി: മതേതരത്വത്തെ പുണര്‍ന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പാവന സ്മരണയില്‍ ഇന്ന് അബുദാബിയില്‍ ശശി തരൂര്‍ അവാര്‍ഡ് ഏറ്റുവാങ്ങുകയാണ്. അര നൂറ്റാണ്ടിലേറെ കാലം ഇന്ത്യയുടെ മതേതര പൂങ്കാവനത്തില്‍ വിശുദ്ധ പുഷ്പമായി പരിലസിച്ച ശിഹാബ് തങ്ങള്‍ ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച അത്യുന്നത മൂല്യങ്ങളുടെ പ്രതിഫലനമായാണ് ഇന്ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ അവാര്‍ഡ് ദാനം നടക്കുന്നത്.
വര്‍ത്തമാന കാല ഇന്ത്യയില്‍ മതേരത്വത്തിന്റെ സംരക്ഷണത്തിനായി പാര്‍ലമെന്റിനകത്തും പുറത്തും നിരന്തരം പോരാട്ടം നടത്തി വരുന്ന ശശി തരൂര്‍ മഹത്തായ ഭാരത പാരമ്പര്യത്തിന്റെ ശക്തനായ കാവല്‍ക്കാരന്‍ കൂടിയാണ്. നന്മയുടെ മഹത്വം മനസ്സില്‍ കാത്തു സൂക്ഷിക്കുന്നവര്‍ക്ക് മാത്രമേ യഥാര്‍ത്ഥ സാമൂഹിക സേവകനായി മാറാന്‍ കഴിയുകയുളളൂവെന്നാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്റെ ജീവിതത്തിലൂടെ തെളിയിച്ചത്.
അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരം തികച്ചും അര്‍ഹമായ കൈകളില്‍ തന്നെ എത്തണമെന്ന ചിന്തയാണ് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികളെ ശശി തരൂരിന്റെ പേരിലേക്ക് നയിച്ചത്. ദീര്‍ഘ കാലം യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ നിറഞ്ഞുനിന്ന തരൂരിന് ശിഹാബ് തങ്ങള്‍ പുരസ്‌കാരം അദ്ദേഹത്തിന്റെ പ്രവര്‍ത്തന പന്ഥാവിലെ ശ്രദ്ധേയ മായ അവാര്‍ഡുകളിലൊന്നാണെന്നതില്‍ സംശയമില്ല. ഇരുവരുടെയും ചിന്താ മണ്ഡലങ്ങള്‍ മതേതര ഭാരതത്തില്‍ എക്കാലവും മികച്ചു നില്‍ക്കുന്നതാണ്. മതേതരത്വമെന്ന അടിസ്ഥാന ആശയത്തിന്റെ ശക്തനാ വക്താവും പ്രചാരകനുമാണ് ശശി തരൂര്‍. പ്രതികൂല സാഹചര്യങ്ങളുടെ പിരിമുറുക്കത്തിനും വന്‍ വാഗ്ദാനങ്ങളുടെ പെരുമഴക്കും അദ്ദേഹത്തിന്റെ മനസ്സിനെ മാറ്റി മറിക്കാനായില്ല. തന്റെ ആശയത്തില്‍ അല്‍പം കലര്‍പ്പുണ്ടാക്കാന്‍ തയാറാണെങ്കില്‍ അധികാരത്തിന്റെ സര്‍വ സൗകര്യങ്ങളും ആസ്വദിക്കാന്‍ അന്നും ഇന്നും അവസരമുണ്ട്. മാത്രമല്ല, അധികാരത്തിലിരിക്കുന്നവരുടെ ഇഷ്ട മിത്രമായി മാറാനും കഴിയും. പക്ഷേ, ചില്ലിക്കാശിനു വേണ്ടി തന്റെ ധാര്‍മികത ബലി കഴിക്കാന്‍ അദ്ദേഹം ഒരിക്കലും സന്നദ്ധനല്ല. സ്വദേശത്തും വിദേശത്തും ദിനേനയെന്നോണം അവാര്‍ഡുകളുടെ പെരുമഴ പെയ്യുന്ന കാലത്ത് അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ അവാര്‍ഡ് എന്നതില്‍ സംശയമില്ല. അവാര്‍ഡിന്റെ പേരും ആശയവും ഇഴ ചേര്‍ത്തു കൊണ്ടാണ് ജേതാവിനെ തെരഞ്ഞെടുത്തിട്ടുള്ളത്. കളങ്കമില്ലാത്ത മനസ്സിനുടമയായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമത്തിലുള്ള ഉപഹാരം തരൂരിന്റെ കുപ്പായത്തില്‍ തുന്നി വെക്കുമ്പോള്‍ തീര്‍ച്ചയായും അതിന്റെ തിളക്കം പതിന്മടങ്ങായി വര്‍ധിക്കുകയാണ്. മനുഷ്യത്വത്തിന്റെ പൂമരമെന്ന ശിഹാബ് തങ്ങളെ കുറിച്ചുള്ള വിശേഷണം ഇവിടെ ഒരിക്കല്‍ കൂടി അന്വര്‍ത്ഥമാവുകയാണ്. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ അകത്തളം ഇന്നത്തെ മധ്യാഹ്നത്തില്‍ സാക്ഷ്യം വഹിക്കുന്നതും മഹത്തായ സന്ദേശത്തിനുള്ള മറ്റൊരു സമര്‍പ്പണമാണ്. അടുത്ത കാലത്ത് ശശി തരൂര്‍ നടത്തിയ യുഎഇ സന്ദര്‍ശനങ്ങള്‍ പ്രവാസി സമൂഹവുമായി അദ്ദേഹത്തെ കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്.