ദുബൈ: ഈ മാസം 16 മുതല്‍ യുഎഇയിലുടനീളം നടന്നു വരുന്ന പിങ്ക് കാരവന് പ്രയാണത്തില്‍ ഇതു വരെയായി 3,760 സൗജന്യ പരിശോധനകളും സ്തന പരിശോധനകളും നിര്‍വഹിക്കപ്പെട്ടു.
പിങ്ക് കാരവന്റെ പ്രയാണത്തിലെ ഷാര്‍ജ സെഷന് ഇന്നലെയാണ് തുടക്കം കുറിച്ചത്. ബോധവത്കരണ യാത്രക്കിടെ 10,000ത്തിലധികം സൗജന്യ പരിശോധനകള്‍ നിര്‍വഹിക്കാനാകുമെന്നാണ് കരുതുന്നത്. നേരത്തെ കണ്ടെത്തിയാല്‍ 98 ശതമാനത്തിലധികം സ്തനാര്‍ബുദങ്ങളും ഇല്ലാതാക്കാനാകുന്നതാണെന്ന സന്ദേശം ബോധവത്കരണത്തില്‍ മുന്നോട്ടു വെക്കുന്നു. മുന്‍കൂട്ടിയുള്ള സ്ഥിരം പരിശോധനകള്‍ മുഖ്യമാണെന്ന സന്ദേശം ഊന്നിപ്പറയുന്നു. സന്നദ്ധ സേവനത്തിന്റെയും സാമൂഹിക സേവനത്തിന്റെയും മൂല്യങ്ങള്‍ കുട്ടികള്‍ക്ക് എത്തിക്കാന്‍ ഇത്തരമൊരു പദ്ധതി മുഖേന സാധിക്കുന്നുവെന്ന് പിങ്ക് കാരവന് റൈഡിന്റെ 10-ാം സെഷന് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യവേ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി അഭിപ്രായപ്പെട്ടിരുന്നു.
അവബോധത്തിന്റെ സത്ത യുവ അംബാസഡര്‍മാര്‍ ഇതിനകം സാക്ഷാത്കരിച്ചു കഴിഞ്ഞെന്നും പ്രതീക്ഷ എന്നതിനെ ഉയര്‍ത്താന്‍ ഈ റൈഡ് ഉപാധിയായെന്നും ഒമ്പത് വയസുള്ള റൈഡര്‍ ശൈഖാ അസ്സ ബിന്ത് ഖാലിദ് ബിന്‍ സഖര്‍ അല്‍ഖാസിമി പറഞ്ഞു. താന്‍ നാലു വയസുള്ളപ്പോള്‍ മുതല്‍ റൈഡില്‍ പങ്കെടുക്കുന്നുവെന്നും ശൈഖാ അസ്സ പറഞ്ഞു. അസ്സക്കൊപ്പം ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ സഖര്‍ അല്‍ഖാസിമി, 2017 മുതല്‍ പങ്കെടുത്തു വരുന്ന 13 വയസുള്ള ശൈഖാ ആലിയ ബിന്ത് ഖാലിദ് ബിന്‍ സഖര്‍ അല്‍ഖാസിമി എന്നീ കുട്ടികളും പങ്കെടുത്തു. ക്ഷമ, സ്ഥൈര്യം എന്നീ മൂല്യങ്ങളിലൂടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുമെന്ന പാഠം ഈ പ്രയാണം പഠിപ്പിച്ചുവെന്ന് അവര്‍ വ്യക്തമാക്കി.
ഇന്നലെ ഷാര്‍ജ ചേംബര്‍ മുതല്‍ അല്‍മജാസ് വാട്ടര്‍ ഫ്രണ്ടിലേക്ക് 21 കിലോമീറ്റര്‍ സഞ്ചരിച്ചു. രാവിലെ 8ന് തുടങ്ങി വൈകുന്നേരം 5നാണ് സമാപിച്ചത്. രാത്രി 10 മണി വരെ നിരവധി കഌനിക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കാരവന് ഇന്ന് ദുബൈയിലെത്തും. ഡിഐഎഫ്സി ഗേറ്റില്‍ നിന്നും ദുബൈ ബുലവാര്‍ഡിലേക്ക് 5 കിലോമീറ്റര്‍ പ്രയാണം നടത്തും. സാബീല്‍ പാര്‍ക്, മംസാര്‍ പാര്‍ക്, ഡ്രാഗണ്‍ മാര്‍ട് എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി മൂന്ന് പ്രതിദിന കഌനിക്കുകള്‍ പ്രവര്‍ത്തിക്കും. ടൗണ്‍ സെന്റര്‍ ജുമൈറ, കൈറ്റ് ബീച്ച് എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി രണ്ടു കഌനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതുമാണ്. കൈറ്റ് ബീച്ചില്‍ ഉച്ച 2 മുതല്‍ രാത്രി 10 മണി വരെ പിങ്ക് കാരവന് റൈഡിന്റെ മൊബൈല്‍ കഌനിക്കും പ്രവര്‍ത്തന നിരതമായിരിക്കും. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളിലെ സ്ഥിരം കഌനിക് മാര്‍ച്ച് 6ന് വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകളും പരിശോധനകളും നല്‍കുന്നതാണ്. പിങ്ക് കാരവന് റൈഡ് ഏഴ് എമിറേറ്റുകളിലും സഞ്ചരിച്ച് മാര്‍ച്ച് 6 വരെ തുടരുന്നതാണ്. സ്തനാര്‍ബുദം നേരത്തെ തന്നെ കണ്ടുപിടിക്കാനുള്ള സൗജന്യ പരിശോധനകള്‍ക്കും കണ്സള്ട്ടേഷനുമായുള്ള 30 സ്ഥിരം, മൊബൈല്‍ കഌനിക്കുകളും പിങ്ക് കാരവന് റൈഡിന്റെ അനുബന്ധമാണ്.