അഴിമതി:​ സൗദിയിൽ സർക്കാർ ജീവനക്കാർ അറസ്റ്റിൽ

8

അഴിമതി നടത്തിയതിന്​ സൗദി അറേബ്യയിൽ നിരവധി സർക്കാർ ജീവനക്കാരെ അറസ്​റ്റ്​ ചെയ്​തു. 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയാണ്​ കേസെടുത്ത് അന്വേഷണം തുടങ്ങിയത്​. രാജ്യത്ത് അഴിമതി വിരുദ്ധ കമീഷന്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് കര്‍ശന നടപടി അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സ്വീകരിക്കുന്നത്. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകൾ ചുമത്തി. സാമ്പത്തിക ഭരണ നിര്‍വഹണ വകുപ്പുകളില്‍ ശക്തമായ നിരീക്ഷണമാണ്​ നടത്തുന്നത്. സല്‍മാന്‍ രാജാവി​െൻറ ഉത്തരവ് പ്രകാരം പ്രത്യേക അഴിമതി വിരുദ്ധ കമ്മീഷന്‍ നേരത്തെ രൂപവത്​കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ വകുപ്പുകളില്‍ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയത്.

സർക്കാർ കാര്യാലയങ്ങളിലെ നടപടികൾക്ക്​ മേലും കർശന നിരീക്ഷണമുണ്ട്​. ഇതിനോടൊപ്പം പൊതുജനങ്ങളിൽ നിന്ന്​ ലഭിക്കുന്ന പരാതികളും കമീഷന്‍ പരിഗണിക്കുന്നു. ഇതോടെയാണ് 475 സർക്കാർ ഉദ്യോഗസ്​ഥർ വലയിൽ കുടുങ്ങിയത്​. അത്രയും പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്​. 1294 പേരെ ഇതിനകം വിസ്തരിച്ചു. അതിൽ നിന്നാണ്​ 475 പേർക്കെതിരെ കേസെടുത്ത്​ അറസ്​റ്റ്​ ചെയ്​തത്​​. ഇതിൽ 386 പേരെ അറസ്​റ്റ്​ ചെയ്തത് ക്രിമിനല്‍ വകുപ്പുകള്‍ ചുമത്തിയാണ്.

കൈക്കൂലി, പൊതുപണം ദുരുപയോഗം ചെയ്യല്‍, സ്വാധീനം ചെലുത്താന്‍ പണം വാങ്ങലും നല്‍കലും എന്നിവയാണ് 386 പേര്‍ക്കെതിരായ കുറ്റങ്ങള്‍. 170 ദശലക്ഷം റിയാലാണ് ഇത്രയും പേര്‍ വഴി ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക്. ഇവരുടെ കേസുകള്‍ ബന്ധപ്പെട്ട കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. അഴിമതി രഹിത ഭരണ സംവിധാനം നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് നീക്കങ്ങള്‍. സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും നേരിട്ടുള്ള മേൽനോട്ടത്തിലാണ്​ അഴിമതി വിരുദ്ധ കമീഷ​െൻറ പ്രവർത്തനം.