സൗദിയിൽ മരുഭൂമിയിൽ കാണാതായവരെ സുരക്ഷാ സൈനികർ രക്ഷപ്പെടുത്തി.

13

ദമാം: റുബ്‌ഉൽഖാലി മരുഭൂമിയിൽ കാണാതായ 2 സൗദി പൗരൻമാരെ കിഴക്കൻ പ്രവിശ്യയിലെ ബത്ഹ സെക്ടർ അതിർത്തി സുരക്ഷാ സൈനികർ രക്ഷപ്പെടുത്തി. മരുഭൂമിയിൽ നിന്ന് 20 കിലോമീറ്റർ ഉള്ളിൽ മണൽത്തിട്ടയിൽ ഇവരുടെ വാഹനത്തിൻറെ ടയറുകൾ കുടുങ്ങി പോയിരുന്നു. ഒരു ബന്ധു ഇവരുമായുള്ള ഫോൺബന്ധം മുറിഞ്ഞതായും ഇവരെക്കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ലെന്നും പറഞ്ഞ് അതിർത്തി സുരക്ഷാ സേനക്ക് കീഴിലെ ദമാം സെർച്ച് ആൻഡ് റെസ്ക്യൂ കോഡിനേറ്റർ സെൻററിൽ അറിയിച്ചു.

കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിന് സുരക്ഷാ സെക്റ്ററിന് കീഴിലെ മൂന്ന് പട്രോൾ യൂണിറ്റുകളെ ചുമതലപ്പെടുത്തി. ആംബുലൻസും അനുഗമിച്ചു. ഒരാളെ വാഹനത്തിന് അടുത്തും, കാലടയാളങ്ങൾ പിന്തുടർന്ന് രണ്ടാമതത്തെയാളെ 12 കിലോമീറ്റർ അകലെയുമാണ് കണ്ടെത്തിയത്. മണലിൽ കുടുങ്ങിയ കാർ സൈന്യം പുറത്തെടുത്തു. പരിശോധനക്കായി ഇരുവരെയും സമീപത്തെ മെഡിക്കൽ സെൻററിലേക്ക് മാറ്റി.