മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കലല്ല മനുഷ്യത്വമാണ് പരമ പ്രധാനം: ഡോ.ശശി തരൂര്‍

അബുദാബി: മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കലല്ല, മറിച്ചു മനുഷ്യത്വമാണ് പരമപ്രധാനമെന്ന് പ്രമുഖ എഴുത്തുകാരനും മുന്‍കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. അബുദാബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അബുദാബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്ററില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ശശി തരൂരിന് അവാര്‍ഡ് സമ്മാനിച്ചു. പ്രസിഡന്റ് പി ബാവ ഹാജിയുടെ അധ്യക്ഷതയില്‍നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എംപിഎം റഷീദ് സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹാഫിള് നസീം ബാഖവി ഖിറാഅത്ത് നടത്തി. വേദനാജനകമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്യുകയെന്നത് ഒരു ഭരണാധികാരിക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ യോജിച്ച പ്രവര്‍ത്തനമല്ല. ഇന്ത്യ എന്നും അതിന്റെ പൈതൃകം കാത്തുസൂക്ഷിച്ചത് തികഞ്ഞ മതേതരത്വത്തിലൂടെയും സമ്പൂണ്ണ ജനാധിപത്യത്തിലൂടെയുമാണ്. ഏവര്‍ക്കും തുല്യതയും നീതിയും ഉറപ്പാക്കിക്കൊണ്ടുള്ള ഭരണഘടന തന്നെയാണ് എന്നും രാജ്യത്തിന്റെ അമൂല്യസമ്പത്തായി നിലനിറുത്തിപ്പോരുന്നത്.എന്നാല്‍ ഇന്ന് എല്ലാം തകിടം മറിക്കുന്ന ഭരണകൂടം രാജ്യത്ത് കലാപത്തിന് കൊടിയുയര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് ക്രമിനല്‍ കുറ്റമാക്കിയാണ് മുസ്്‌ലിംകള്‍ക്കെതിരെയുള്ള ശക്തമായ നീക്കങ്ങളുമായി ബിജെപി ഇറങ്ങിപ്പുറപ്പെട്ടത്. വിവിധ മതസ്ഥര്‍ക്കിടയിലും വിവാഹ മോചനങ്ങളും അനുബന്ധ പ്രശ്‌നങ്ങളുമെല്ലാം നടക്കുന്നുണ്ട്. എന്നാല്‍ മുസ്്‌ലിംകളെ മാത്രം നിയമത്തിനുമുന്നില്‍ ക്രമിനലുകളാക്കുന്ന നിയമം കൊണ്ടുവന്ന മോദി സര്‍ക്കാറിന്റെ ഉദ്ദേശവും ലക്ഷ്യവും സുവ്യക്തമാണ്. ജയിലുകളില്‍ അടച്ചുപൂട്ടുന്ന നിയമം നടപ്പാക്കിയവരുടെ ബുദ്ധി, മതവിരുദ്ധതയുടെ മികച്ച ഉദാഹരണമാണ്.
ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുമായി ഹിന്ദുമതത്തിന് യാതൊരുബന്ധവുമില്ല. പൗരത്വം തെളിയിക്കാന്‍ പൂര്‍വ്വികരുടെ രേഖ ആവശ്യപ്പെടുന്ന ഭരണകൂടത്തിലെ അംഗമായ മന്ത്രിക്കുപോലും ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ശശി തരൂര്‍ പരിഹസിച്ചു. നേരത്തെ സേനയില്‍ ഉദ്യോഗസ്ഥനായിരുന്ന മന്ത്രി തന്റെ വയസ്സ് തിരുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നാണ് അറിയിച്ചിരുന്നത്. അങ്ങിനെയുള്ളവരാണ് ഇപ്പോള്‍ മറ്റുള്ളവരുടെ രേഖ ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ 65 ശതമാനം പേരും ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരാണ്. അഞ്ചു വയസ്സിനുമുകളിലുള്ള 40 ശതമാനം പേര്‍ക്കും ജനനസര്‍ട്ടിഫിക്കറ്റില്ലാത്ത രാജ്യത്ത് ജീവിക്കുന്ന എണ്‍പതും തൊണ്ണൂറും വയസ്സ് പ്രായമുള്ളവരോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നവര്‍ രാജ്യത്തെ ലോകത്തിനുമുന്നില്‍ പരിഹാസ്യരാക്കുകയാണ്. മരം കോച്ചുന്ന ശൈത്യത്തില്‍ തണുത്തുവിറങ്ങലിച്ചു ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വൃദ്ധജനങ്ങള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരാഹാരം ചെയ്തും ജീവന്‍ ത്യജിച്ചും രാജ്യത്തിന്റെ പൈതൃകവും ജീവിക്കാനുള്ള അവകാശവും തേടി അവര്‍ രാപകലുകള്‍ തള്ളിനീക്കുന്നു. പക്ഷെ ഭരണകൂടം മുഖം തിരിഞ്ഞുനില്‍ക്കുന്നുവെന്ന് മാത്രമല്ല, അക്രമകാരികള്‍ക്ക് സുരക്ഷയും സര്‍വ്വസൗകര്യങ്ങളും ചെയ്തുകൊടുക്കുകയാണ് ചെയ്യുന്നത്. വിദേശപൗരന്മാരായ തന്റെ പല സുഹൃത്തുക്കളും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു ചോദിക്കുമ്പോള്‍ ലജ്ജിച്ചു തലകുനിക്കേണ്ട അവസ്ഥയാണുള്ളതെന്ന് തരൂര്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കാത്ത മോദി ജനങ്ങളെ വിഘടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയാണ്.
താനൊരു രാഷ്ട്രീയക്കാരനായല്ല മറിച്ചു തികഞ്ഞ ഭാരതീയനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. രാജ്യത്തോട് സ്‌നേഹവും കൂറുമുള്ളവര്‍ക്ക് പരമപ്രധാനം സ്വന്തം രാജ്യം തന്നെയാണ്. അധികാരവും സ്ഥാനമോഹങ്ങളും ബിജെപി നേതാക്കളെ മതഭ്രാന്തരാക്കി മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഇവരുടെ ആശയവും ഹൈന്ദവ ദര്‍ശനങ്ങളും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല. ഞാന്‍ എന്തു കൊണ്ട് ഹിന്ദുവായി എന്ന തന്റെ പുസ്തകം ഏതെങ്കിലും മതത്തെ അവഹേളിച്ചുകൊണ്ടുള്ളതല്ല മറിച്ചു, ഹൈന്ദവ ദര്‍ശനങ്ങളുടെ മഹത്വം വിവരിക്കുന്ന ഗ്രന്ഥമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.