ന്യൂഡല്‍ഹി: ഡല്‍ഹി കലാപം അമര്‍ച്ച ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാറും ആഭ്യന്തരവകുപ്പും സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. കലാപം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ പ്രാഥമിക നടപടി പോലും സ്വീകരിച്ചില്ല. പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണ്. കെജരിവാള്‍ മൗനം പാലിക്കുകയായിരുന്നു. സംഘപരിവാര്‍ ആസൂത്രണം ചെയ്ത കലാപമാണ് ഡല്‍ഹിയില്‍ കണ്ടത്. സമാധാനം പുനഃസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും സോണിയ പറഞ്ഞു.
ഡല്‍ഹിയില്‍ ഇപ്പോഴും സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനിടെ ഇന്നും വിദ്വേഷ പ്രസ്താവനയുമായി കപില്‍ മിശ്ര രംഗത്തെത്തി. ജാഫറാബാദ് ഒഴിപ്പിച്ചുവെന്നും ഇനി ഡല്‍ഹിയില്‍ ഒരു ഷഹീന്‍ബാഗ് ഉണ്ടാവാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കലാപത്തില്‍ ഇതുവരെ 20 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴും ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ട്.