വിദേശികളായ അധ്യാപകരുടെ തൊഴില്‍ കരാര്‍ പുതുക്കില്ലെന്ന് ഒമാന്‍

10

മസ്‍കത്ത്: വിദേശികളായ അധ്യാപകരുടെ തൊഴില്‍ കരാര്‍ പുതുക്കില്ലെന്ന് കാണിച്ച് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. 2020-21 വര്‍ഷത്തേക്ക് കരാര്‍ പുതുക്കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് ശക്തമാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായാണോ ഈ തീരുമാനമെന്നാണ് പ്രവാസികളായ അധ്യാപകരുടെ ആശങ്ക.

വരും വര്‍ഷങ്ങളില്‍ തൊഴില്‍ കരാര്‍ പുതുക്കുന്നതിന്റെ സാധ്യതകളെപ്പറ്റി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. തീരുമാനം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രമായിരിക്കും ബാധകമാവുകയെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താല്‍കാലികമായ നടപടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഈ വര്‍ഷം തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുന്നവരെ മാത്രമാണ് തീരുമാനം ബാധിക്കുക. എന്നാല്‍ ഇത് തുടരുന്ന പക്ഷം നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടി വരും.

മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ ഒമാനില്‍ അധ്യാപക ജോലി ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് ഒഴികെയുള്ള വിഷയങ്ങളുടെയെല്ലാം പഠന മാധ്യമം അറബി ആയതിനാല്‍ പ്രവാസി അധ്യാപകര്‍ അധികവും ഇംഗ്ലീഷ് ഭാഷയാണ് പഠിപ്പിക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരില്‍ പലരും കുടുംബത്തോടൊപ്പം രാജ്യത്ത് താമസിക്കുന്നവരുമാണ്. വിദേശികളെ ഒഴിവാക്കാനുള്ള തീരുമാനം തുടരുന്ന പക്ഷം ഇവരെല്ലാം നാട്ടിലേക്ക് മടങ്ങേണ്ടിവരും.