യുഎഇയില്‍ കാലാവസ്ഥ മാറിതുടങ്ങി ഇനി ചൂടിലേക്ക്; പൊടിക്കാറ്റടിക്കും

ദുബൈ: മഴക്കും തണുപ്പിനും ശേഷം യുഎഇയില്‍ കാലാവസ്ഥ മാറിതുടങ്ങി. കൊടുംതണുപ്പില്‍ ജാക്കറ്റും പുതപ്പുമായി റൂമുകളിലും പുറത്തും കഴിഞ്ഞു കൂടിയവര്‍ ഇപ്പോള്‍ എയര്‍കണ്ടീഷനുകള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. കഴിഞ്ഞ രണ്ട് മാസമായി മിക്കവാറും എയര്‍കണ്ടീഷനുകള്‍ക്കും വിശ്രമമായിരുന്നു. അത്യാവശ്യം ഫാന്‍ മാത്രമായിരുന്നു മുറികളിലും ഓഫീസുകളിലും ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്ഥിതി മാറിതുടങ്ങി. ഇനി കടുത്ത ചൂടിലേക്കാണെന്ന് സൂചിപ്പിക്കുന്ന തരത്തിലേക്ക് കാലാവസ്ഥ മാറിതുടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ ചൂടു കൂടി. ദുബൈയില്‍ പകലും രാത്രിയിലും നല്ല ചൂടനുഭവപ്പെട്ടു തുടങ്ങി. പുലര്‍ച്ചെ മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു. വരുംദിവസങ്ങളില്‍ പൊടിക്കാറ്റുണ്ടാകുമെന്നു ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. ബുധനാഴ്ച രാജ്യമാകെ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു പ്രിന്‍സിപ്പല്‍ മീറ്റിയോറോളജിക്കല്‍ ഡാറ്റ അനലിസ്റ്റ് ആസിഫ് ഷാ പറഞ്ഞു. പകല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. അന്തരീക്ഷ ഈര്‍പ്പം കൂടും. കിഴക്കന്‍ മേഖലയില്‍ ഇന്നലെ കാറ്റ് ശക്തമായിരുന്നു. ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴചാറി. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ പലരും സ്വെറ്ററും ജാക്കറ്റും ഒഴിവാക്കി. പുലര്‍ച്ചെ നടക്കുന്നവരുെട എണ്ണം കൂടിവരികയാണ്. പൊടിക്കാറ്റിനു സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റുള്ളപ്പോള്‍ ഓടുന്ന വാഹനത്തിന്റെ ഗ്ലാസ് വെള്ളം ഉപയോഗിച്ച് കഴുകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളവും പൊടിയും കലര്‍ന്നു കാഴ്ച പൂര്‍ണമായും മറയാന്‍ ഇതിടയാക്കും. മാറുന്ന കാലാവസ്ഥക്ക് അനുസരിച്ചു ശ്രദ്ധയോടെ വാഹനമോടിക്കണം. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ അല്ലാതെ ലെയ്ന്‍ മാറരുത്. ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമമാണ് പലപ്പോഴും കൂട്ടിയിടിക്കു കാരണമാകുന്നത്. വേഗം കുറക്കുകയും മതിയായ അകലം പാലിക്കുകയും വേണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. വാഹനമോടിക്കാന്‍ ബുദ്ധിമുട്ടു തോന്നിയാല്‍ റോഡില്‍ നിന്നു സുരക്ഷിത അകലത്തില്‍ മാറ്റിനിര്‍ത്തണം. കാലാവസ്ഥ മാറുമ്പോള്‍ വൈറല്‍ പനിക്കു സാധ്യതയുണ്ടെന്നു ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പറയുന്നു. പൊടിക്കാറ്റ് അലര്‍ജി രോഗങ്ങള്‍ക്കും കാരണമായേക്കാം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നതിനാല്‍ പൊടിക്കാറ്റുള്ളപ്പോള്‍ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല. ചൂടു കൂടിയാല്‍ ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, ബലഹീനത, തലവേദന, മസിലുകളിലെ അസഹ്യ വേദന, ശരീര വേദന, തലകറക്കം എന്നിവ ഉണ്ടായേക്കാം. ധാരാളം വെള്ളം കുടിക്കണം. എസി മുറികളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും നിര്‍ബന്ധമായും വെള്ളം കുടിക്കണം.