ആശുപത്രിയിൽ നിന്ന് ഇറങ്ങി വാവ മൂർഖനെ പിടികൂടി

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷ് ഡിസ്ചാർജ് ആയി ഇറങ്ങിയതിന്റെ പിറ്റേ ദിവസം കർമ്മ മേഖലയിൽ വീണ്ടും സജീവമായി. തലസ്ഥാനജില്ലയിലെ അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ വിമല സ്‌കൂളിന് സമീപമുള്ള വീടിനടുത്തു നിന്നാണ് മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം. പാമ്പിനെ കണ്ടതോടെ വാവയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിശ്രമം പോലും ഉപേക്ഷിച്ച് നാട്ടുകാരുടെയും കുട്ടികളുടേയും രക്ഷയ്ക്കായി സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്പിനെ പിടികൂടുകയായിരുന്നു. ഇരവിഴുങ്ങുന്ന അവസ്ഥയിലായിരുന്നു അപ്പോൾ പാമ്പ്.

 

കഴിഞ്ഞ ആഴ്ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.പാമ്പ് കടിയേറ്റതിനെ തുടർന്ന് വാവ സുരേഷ് അത്യാസന്ന നിലയിലാണെന്നും, ഏതു നിമിഷവും ജീവന് അപകടം സംഭവിക്കാമെന്നുമുള്ള തരത്തിൽ ചില ലോക്കൽ ഓൺലൈൻ സൈറ്റുകൾ വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ വാവ സുരേഷ് രംഗത്തേത്തിയിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനടക്കം വാവയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയാൽ വീണ്ടും കർമ്മ മേഖലയിൽ സജീവമാകുമെന്ന് വാവ സുരേഷ് അറിയിച്ചിരുന്നു