മലപ്പുറം: ലോക്ക്ഡൗണ്‍ മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം സന്നദ്ധ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തത്തോടെ മാത്രമേ ഇതിനെ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അതത് രാജ്യങ്ങളിലെ കെ.എം.സി.സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിയവര്‍ക്കായി എ.ഐ.കെ. എം.സി.സിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം നാട്ടുകാരും അയല്‍വാസികളും തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.