
കോവിഡ് ബാധിച്ച് 15,300 പേര് മരണപ്പെട്ടു; ലോകത്ത് 3,49,000 രോഗ ബാധിതര്‍ നാല്പതോളം രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്‍
റോം: നാല്പതോളം രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണില്‍, നൂറിലേറെ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണത്തിലും. കോവിഡ് 19 ഭീതി വിട്ടൊഴിയാതെ ലോക രാജ്യങ്ങള്‍. രോഗം കൂടുതല്‍ രാജ്യങ്ങളിലേക്കു പടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്തു. മൗറീഷ്യസിലും കൊളംബിയയിലും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. റുമാനിയ, ഗാസ എന്നിവിടങ്ങളിലും ആഫ്രിക്കയില്‍ അംഗോള, എറിത്രിയ, ഉഗാണ്ട എന്നിവിടങ്ങളിലും ആദ്യമായി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,49,000 ആയി ഉയര്‍ന്നു. മരണസംഖ്യ 15,300 ആയതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലുള്ള രോഗികളില്‍ പകുതിയോളം യൂറോപ്യന്‍ രാജ്യങ്ങളിലാണ്. യൂറോപ്പില്‍ ആകെ 1.5 ലക്ഷത്തോളം രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണു യഥാര്‍ഥ നിലയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറ്റലിയില്‍ മാത്രം 60,000 രോഗികള്‍. മരണം 5500 കടന്നു. കഴിഞ്ഞ ദിവസം മാത്രം 651 മരണം. സ്പെയിനില്‍ 28,768 രോഗികള്‍. ഇന്നലെ മാത്രം 3100 പുതിയ കേസുകള്‍. ഇന്നലെ സ്പെയിനില്‍ മരിച്ചത് 375 പേര്. സ്പെയിനില്‍ അടിയന്തരാവസ്ഥ 15 ദിവസംകൂടി നീട്ടി. മരണ സംഖ്യയില്‍ 32% ല്‍ ഏറെ വര്‍ധനയുണ്ടായത് ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം 9300 പേര് രോഗബാധിതരായി. മരണം 450 കടന്നു. ആകെ രോഗികള്‍ 34,673. ബ്രിട്ടന്റെ അവസ്ഥയും ആശങ്കാജനകം. ഇറ്റലിയുടെ സ്ഥിതി ബ്രിട്ടനിലും വരുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് മുന്നറിയിപ്പു നല്കി.ബ്രിട്ടനില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ ഒതുങ്ങുന്നുണ്ടെന്നു നിരീക്ഷിക്കാന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും രംഗത്തിറക്കിയിട്ടുണ്ട്. അതിനിടെ ഫ്രാന്‍സ്-യു.കെ അതിര്‍ത്തി അടക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. ഫ്രാന്‍സ് 674, ജര്‍മനി 94, ഇറാന് 1685, ദക്ഷിണ കൊറിയ 111, നെതര്‍ലാന്‍ഡ് 98 എന്നിങ്ങനെയാണ് മരണനിരക്ക്. ജര്‍മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കല്‍ ക്വാറന്റൈനിലാണ്. ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും നിയന്ത്രണങ്ങള്‍ ശക്തമാക്കി.
രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ ഇറ്റലിയിലെ നിയന്ത്രണം ഏപ്രില്‍ 3 വരെ നീട്ടി. ലോകത്തെ മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നും ഇറ്റലിയിലാണ്. ഇറാനിലും രോഗബാധിതര്‍ നിയന്ത്രണാതീതമായി ഉയരുന്നുണ്ട്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇറാനെ സഹായിക്കാമെന്ന യു.എസിന്റെ വാഗ്ദാനം വിചിത്രമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ പറഞ്ഞു.
യു.എസില്‍ കലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഇലിനോയ്, കനക്ടികട്ട് എന്നിവക്കു പിന്നാലെ ന്യൂജഴ്സിയിലും ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ് പുറപ്പെടുവിച്ചു. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് നിയന്ത്രണം വന്നേക്കുമെന്നും സൂചനയുണ്ട്. ഓസ്ട്രേലിയയിലും കര്‍ശന നിയന്ത്രണമാണ്. ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോ 2 ആഴ്ചത്തേക്ക് അടച്ചുപൂട്ടി. ബൊളീവിയയിലെ ഇടക്കാല സര്‍ക്കാര്‍ മേയ് 3നു നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.