അതിര്‍ത്തി തുറക്കില്ലെന്ന് ഹൈക്കോടതിയില്‍ കര്‍ണാടക പിടിവാശി

കൊച്ചി: കോവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ച കേരളത്തിലേക്കുള്ള റോഡുകള്‍ തുറക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.  കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അത് കര്‍ണാടകയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് റോഡുകള്‍ അടച്ചത്. കര്‍ണാടകയിലെ ആസ്പത്രികളില്‍ കോവിഡ് 19 ചികില്‍സയ്ക്ക് പരിഗണന നല്‍കിയിരിക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ മംഗലാപുരത്ത് ചികില്‍സയ്ക്ക് വിധേയമാക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും കര്‍ണാടക അറിയിച്ചു.
കേരളത്തിലെ ജനങ്ങളോട് വിരോധമുണ്ടായിട്ടല്ല റോഡ് അടച്ചത്. കര്‍ണാടകയിലെ ജനങ്ങളുടെ ആശങ്ക കൊണ്ടാണെന്നും കര്‍ണാടകയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. നിയമപരമായി ഇടപെടാനല്ല കോടതി ഉദ്ദേശിക്കുന്നതെന്നും പ്രശ്‌ന പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അടിയന്തര ചികില്‍സ ആവശ്യമുള്ള രോഗികളെ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്ന കാര്യം ആലോചിച്ചു കൂടെയെന്നും കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കര്‍ണാടകയ്ക്കും ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതൊരു ഇന്ത്യപാക്കിസ്ഥാന്‍ പ്രശ്‌നമല്ലെന്ന് കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ.അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനും കോടതിയില്‍ വാദിച്ചു.  മംഗലാപുരത്തെ ആശുപത്രികളില്‍ രോഗികകളുടെ എണ്ണം അധികമാണെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉചിതമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാന്‍ കര്‍ണാടക തീരുമാനിച്ചിട്ടുണ്ടെന്നും കര്‍ണാടകക്കു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ബോധിപ്പിച്ചു. ഇതേ ആവശ്യമുന്നയിച്ചുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതുകൊണ്ടുതന്നെ ഈ ഹര്‍ജി നിലനില്‍ക്കില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചു.
അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ രോഗികള്‍ അതിര്‍ത്തിക്ക് അപ്പുറത്തുള്ള ആശുപത്രിയില്‍ എത്താനാകാതെ വലയുന്നത് ശ്രദ്ധയില്‍പെട്ട ഹൈക്കോടതി സ്വമേധയ എടുത്ത കേസും ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് കര്‍ണാടകയോട് വിശദീകരണം തേടിയത്.  നിലവില്‍ വയനാട് വഴി കേരളത്തിലേക്കു രണ്ടു റോഡുകള്‍ തുറന്നിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി ഗുണ്ടല്‍ പേട്ട്, മാനന്തവാടി സര്‍ഗുര്‍ മൈസൂര്‍ റോഡുകള്‍ ആണ് തുറന്നിട്ടുള്ളത്. അതേസമയം കേരളത്തില്‍ നിന്നു അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പരിശോധിക്കാന്‍ സാധിക്കുന്ന മംഗലാപുരത്തെ രണ്ടു ആസ്പത്രികള്‍ ഏതൊക്കെയെന്ന് അറിയിക്കണമെന്നും കര്‍ണാടകക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മംഗലാപുരത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ ആളുകളെ ചികിത്സക്ക് പ്രവേശിപ്പിക്കുന്ന കാര്യം ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ ബോധിപ്പിച്ചു. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വീഡിയോ കോണ്‍ഫെറന്‍സ് വഴിയാണ് കേസ് പരിഗണിച്ചത്. ഇതിനിടെ കാസര്‍ക്കോട്ട് ചികിത്സ കിട്ടാതെ ഒരു രോഗികൂടി മരിച്ചു. കര്‍ണാടക റോഡ് അടച്ചതിനെതുടര്‍ന്നുള്ള ഒരാഴ്ചക്കിടയിലെ രണ്ടാമത്തെ മരണമാണിത്.