അത്യാവശ്യ യാത്രകള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍; കരുതല്‍ വേണമെന്ന് മാത്രം

32
വിമാനത്തിനകത്ത് വൈറസ് വിമുക്തമാക്കുന്നു

ദുബൈ: കൊറോണ ഭീതിയില്‍ അത്യാവശ്യ യാത്രകള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം വിമാനയാത്രയില്‍ പ്രാക്ടിക്കല്‍ ആവാന്‍ ശ്രദ്ധിക്കണമെന്നും കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിക്കുന്നു. കൊറോണ ലോകമാകെ പടരുന്നതായുള്ള ഭീതിയില്‍ പലരും യാത്രകള്‍ ഒഴിവാക്കുന്നതായി വാര്‍ത്തകള്‍ പരന്നതോടെയാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും പറയുന്നു. കൊറോണ ഭീതിയില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ കുഴപ്പമില്ല. അതേസമയം മുന്‍കരുതല്‍ നടപടികളും വ്യ്ക്തിശുചിത്വവും പരമാവധി പാലിക്കാന്‍ ശ്രദ്ധിക്കണം. യാത്രകള്‍ നല്ല രീതിയില്‍ പ്ലാന്‍ ചെയ്യണം. യുഎഇയില്‍ നിന്നും ഇങ്ങോട്ടും യാത്രാനിയന്ത്രണങ്ങള്‍ ഉള്ള പത്ത് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ചൈന, ഹോംങ്കോങ്, ഇറ്റലി, ജപ്പാന്‍, ജര്‍മനി, സിങ്കപ്പൂര്‍, ഫ്രാന്‍സ്, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും യാത്രക്കാരെ കര്‍ശനമായി പരിശോധിക്കാനും എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ആസ്പത്രികളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. കൂടുതല്‍ ആളുകള്‍ ഒന്നിച്ചിരുന്ന് യാത്ര ചെയ്യുന്ന വിമാനങ്ങള്‍ പോലുള്ള യാത്രാസംവിധാനത്തില്‍ വൈറസ് പടരാന്‍ എളുപ്പമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓരോ യാത്ര കഴിഞ്ഞാലും വിമാനങ്ങളുടെ ഉള്‍ഭാഗം പൂര്‍ണമായും വൃത്തിയാക്കാനുള്ള നടപടികള്‍ എല്ലാ വിമാനക്കമ്പനികളും സ്വീകരിച്ചിട്ടുണ്ട്. അതേസയമം കോവിഡ്19 ബാധ യുഎഇയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി. ഇത് ട്രാവല്‍ ഏജന്‍സി ബിസിനസിനെ സാരമായി ബാധിച്ചതായി വിവിധ കമ്പനിയുടമകള്‍ പറയുന്നു. ബിസിനസ് ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവരില്‍ 50 മുതല്‍ 70% വരെയും അവധിക്കാലത്ത് കുടുംബസമേതമുള്ള യാത്രക്കാരില്‍ 50 മുതല്‍ 90% വരെയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുഎഇയില്‍ നിന്ന് ബിസിനസ് ടൂറിന് വിവിധ ലോക രാജ്യങ്ങളിലേയ്ക്ക് ആളുകള്‍ യാത്ര ചെയ്യുക പതിവാണ്. അതുപോലെ, സ്‌കൂള്‍ അവധി ദിനങ്ങളിലും യുഎഇയില്‍ ചൂട് തുടങ്ങുന്നതോടെയും പ്രധാനമായും യൂറോപ്പിലേക്കും ഇന്ത്യയിലേക്കും സ്വദേശികളും പ്രവാസികളും കുടുംബത്തോടെ യാത്ര ചെയ്യുമായിരുന്നു. ഇതിനായി നേരത്തെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ വിമാന ടിക്കറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്തിരുന്നവരില്‍ മഹാ ഭൂരിഭാഗവും കോവിഡ്19 വ്യാപകമായതോടെ യാത്ര റദ്ദാക്കിയിരിക്കുകയാണ്.