അനാവശ്യഭയം വൈറസിനേക്കാള്‍ കൂടുതല്‍ ആളെ കൊല്ലുമെന്ന് സുപ്രീംകോടതി

പലായനക്കാരെ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വീടുകളിലേക്ക് പലായനം ചെയ്ത കുടിയേറ്റ തൊഴിലാളികളെ മുഴുവന്‍ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 61,000 ക്യാമ്പുകളില്‍ ആറു ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കിയതായി പിന്നീട് കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ്  സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കി. ഡല്‍ഹിയിലും ഉത്തര്‍പ്രേദശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് ബിഹാറിലേക്കും വടക്കന്‍ കിഴക്കന്‍  സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രംകോടതി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റോഡുകളില്‍ ഇപ്പോല്‍ പലായനക്കാരില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എല്ലാവരേയും അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പലായനക്കാരെ കണ്ടാല്‍ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാന പാതകളിലും നഗരങ്ങളിലും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അനാവശ്യ ഭയം വൈറസിനേക്കാള്‍ കൂടുതല്‍ ആളുകളെ കൊല്ലുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ്  എസ്.എ ബോബ്ദെ  അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ഭയം അകറ്റാന്‍ പലായനക്കാരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് കൗണ്‍സലിങ് നല്‍കണം. എല്ലാ മതവിഭാഗത്തിലും പെട്ട നേതാക്കളെ ഉപയോഗപ്പെടുത്തി അവരെ ശാന്തരാക്കണം.
കോവിഡ് 19 വ്യാപനം സംബന്ധിച്ച തത്സമയ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ 24 മണിക്കൂറും  പ്രവര്‍ത്തിക്കുന്ന പോര്‍ട്ടല്‍ സജ്ജീകരിക്കണം. വ്യാജ വാര്‍ത്തകളും പേടിപ്പെടുത്തുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. അഭയ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും ലഭ്യമാക്കണം.
അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കൗണ്‍സലര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും 22.8 ലക്ഷം പേര്‍ക്ക് നിത്യേന ഭക്ഷണം ലഭ്യമാക്കുന്നുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിശദീകരിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കുനേരെ ബലപ്രയോഗംപാടില്ല. ക്യാമ്പുകളുടെ നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കരുത്. വളണ്ടിയര്‍മാര്‍ക്കാണ് ചുമതലനല്‍കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ബോബ്ദെക്കു പുറമെ ജസ്റ്റിസ് എല്‍ നാഗേശ്വര റാവു ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
അഡ്വ. അലക് അലോക് വര്‍മ്മ, അഡ്വ. രശ്മി ബന്‍സാല്‍ എന്നിവരാണ് കൂട്ടപ്പലായനം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി വീഡിയോ കോ ണ്‍ഫറന്‍സ് വഴിയാണ് കോടതി ഹര്‍ജി പരിഗണിച്ചത്.