അന്നം തേടി ജീവന്‍ പൊലിയുന്നവര്‍

12
ഡല്‍ഹി അനന്ത് വിഹാറില്‍ ബസില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്ന കുടിയേറ്റ തൊഴിലാളികളെ നിയന്ത്രിക്കുന്ന പൊലീസ്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 23 ന് രാജ്യം മുഴുവന്‍ 21 ദിവസത്തെ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ രാജ്യത്ത് 17 കുടിയേറ്റ തൊഴിലാളികളും അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ മരിച്ചതായി ദേശീയ പോര്‍ട്ടലായ ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടിയേറ്റ തൊഴിലാളികളല്ലാത്ത മറ്റ് രണ്ട് പേരും, മാര്‍ച്ച് 27 ന് ബീഹാറിലെ ഭോജ്പൂരില്‍ ഒരു 11 കാരന്‍ പട്ടിണിയെ തുടര്‍ന്ന് മരിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 23ന് രാത്രി എട്ടു മണിയോടെയാണ് മോദി 21 ദിവസത്തെ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് രാജ്യവ്യാപകമായി കടകളും വ്യാപര സ്ഥാപനങ്ങളുമുള്‍പ്പെടെ അടച്ചു പൂട്ടുകയും ചെയ്തു. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഇത് വലിയ രൂപത്തില്‍ ആശങ്കക്ക് ഇടയാക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് ഭക്ഷ്യ സാധനങ്ങള്‍ ശേഖരിക്കാനായി രാത്രി തന്നെ പുറത്തിറങ്ങി അലയേണ്ടിയും വന്നു. ദിവസ കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാര്യം പരിഗണിക്കാതെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടച്ചു പൂട്ടല്‍ നടപടിയുമായി മുന്നോട്ടു പോയത്. ഇതേ തുടര്‍ന്ന് തൊഴില്‍ നഷ്ടമാവുകയും കിടപ്പാടത്തിന് വാടക നല്‍കാന്‍ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് കാല്‍നടയായി സ്വന്തം ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്. പലയിടത്തും ലോക്ക്ഡൗണിന്റെ പേരില്‍ ഇവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു. പലര്‍ക്കും ഈയാത്രക്കിടയിലാണ് ജീവന്‍ നഷ്ടമായത്. കാല്‍നടയായി നടക്കുന്നതിനിടെ ആഗ്രയില്‍ ഹോട്ടല്‍ തൊഴിലാളിയായ രണ്‍വീര്‍ സിങ് (39) മരിച്ചതാണ് ഇതില്‍ ഒടുവിലത്തേത്. ഇന്നലെ കുണ്ഡ്‌ലി മനേസര്‍ എക്‌സ്പ്രസ് ഹൈവേയില്‍ കാല്‍നടയാത്രക്കാരായ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറി നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് 27ന് തെലങ്കാനയില്‍ നിന്നും കര്‍ണാടകയിലെ റായ്ച്ചൂരിലേക്ക് മടങ്ങുന്നതിനിടെ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ടു തൊഴിലാളികളും 18മാസം പ്രായമായ ഒരു കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. 28ന് രാജസ്ഥാനിലേക്ക് പുറപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി നാലു പേര്‍ മരിച്ചിരുന്നു. രമേഷ് ഭട്ട് (55), നികില്‍ പാണ്ഡേ (32), നരേശ് കലുസുവ (18), ലൗറാം ഭഗോറ (18) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം രാജസ്ഥാനിലെ ബസ്വാഡ സ്വദേശികളാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്തത് പശ്ചിമ ബംഗാളില്‍ നിന്നായിരുന്നു. പാല്‍വാങ്ങാനായി പുറത്തിറങ്ങിയ 32കാരനായ ലാ ല്‍ സ്വാമി പൊലീസ് മര്‍ദ്ദനത്തിനിടെ കൊല്ലപ്പെടുകയായിരുന്നു. 28-ാം തീയതി സൂറത്തിലെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങാന്‍ വാഹനമില്ലാത്തതിനെ തുടര്‍ന്ന് കാല്‍നട യാത്രയായി പോയ 62കാരന്‍ ഗംഗാറാം യെലങ്ക എന്നയാള്‍ എട്ടു കിലോ മീറ്ററിന് ശേഷം കുഴഞ്ഞു വീണ് മരിച്ചതും ലോക്ക്ഡൗണ്‍ കാരണമാണ്.