
അബുദാബി: കൊറോണ വൈറസ് പരിശോധിക്കാന്‍ അബുദാബിയില്‍ പുതിയ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും സ്വയം പരിശോധനക്ക് വിധേയനാവുകയും ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയും പരിരക്ഷയും ഉറപ്പാക്കുന്ന എല്ലാ മുന്‍കരുതലുകളും തുടരും. കൊറോണ പ്രതിസന്ധി ആരംഭിച്ചത് മുതല്‍ സാമൂഹിക-സാമ്പത്തിക-ആരോഗ്യ സുരക്ഷക ക്രമീകരണങ്ങള്‍ക്ക് അനുയോജ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥയും അതിന്റെ പ്രത്യാഘാതങ്ങളും അതിജീവിക്കാന്‍ കഴിയും.
നിലവിലെ ശ്രമകരമായ സാഹചര്യങ്ങളില്‍ രാജ്യത്തെ വിവിധ മേഖലകളും സ്ഥാപനങ്ങളും നടത്തിയ ശ്രമങ്ങളെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. ആരോഗ്യ മേഖലയിലുള്ളവര്‍ യുഎഇ സമൂഹത്തെ സേവിക്കുന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും കാണിക്കുന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ക്ക് നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി ശെഖ് മുഹമ്മദ് പറഞ്ഞു. പരിശോധനാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നോക്കിക്കണ്ടു. ആരോഗ്യ വകുപ്പ് ചെയര്മാന് ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്ഹാമദ് പരിശോധനാ നടപടികളെ കുറിച്ച് വിശദീകരിച്ചു.
അഞ്ചു മിനുട്ടിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. മുതിര്‍ന്ന പൗരന്മാര്ക്കും ഗര്‍ഭിണികള്‍ക്കും വിട്ടു മാറാത്ത രോഗങ്ങളുള്ളവര്‍ക്കും മുന്‍ഗണനനല്‍കും. പ്രതിദിനം 600ഓളം പേരുടെ പരിശോധന നടത്താന്‍ ഇവിടെ സൗകര്യമുണ്ട്. അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സന്നിഹിതനായിരുന്നു. കൊറോണ വൈറസ് പടരുന്നത് തടയാനുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ശൈഖ് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.